കുട്ടികളുടെ വിശപ്പകറ്റാന്‍ സ്റ്റോറില്‍ മോഷണം നടത്തിയയാള്‍ക്ക് ടെസ്‌കോ ജോലി നല്‍കി

ബഹുരാഷ്ട്ര സൂപ്പര്മാര്ക്കറ്റ് ഭീമന്മാരായ ടെസ്കോയുടെ മലേഷ്യന് സ്റ്റോറില് മോഷണം നടത്തിയ ആള്ക്ക് അവിടെത്തന്നെ ജോലി നല്കി. മോഷണം നടത്തിയത് നാലിനും ഏഴിനും ഇടയില് പ്രായമുള്ള തന്റെ മൂന്നു കുട്ടികള്ക്ക് ആഹാരം നല്കാനായിരുന്നെന്ന് ഏറ്റുപറഞ്ഞതിനേത്തുടര്ന്നാണ് അലിവു തോന്നിയ സ്റ്റോര് മാനേജര് ഇയാള്ക്ക് ജോലി നല്കിയത്.
 | 

കുട്ടികളുടെ വിശപ്പകറ്റാന്‍ സ്റ്റോറില്‍ മോഷണം നടത്തിയയാള്‍ക്ക് ടെസ്‌കോ ജോലി നല്‍കി

ലണ്ടന്‍: ബഹുരാഷ്ട്ര സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ ടെസ്‌കോയുടെ മലേഷ്യന്‍ സ്‌റ്റോറില്‍ മോഷണം നടത്തിയ ആള്‍ക്ക് അവിടെത്തന്നെ ജോലി നല്‍കി. മോഷണം നടത്തിയത് നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള തന്റെ മൂന്നു കുട്ടികള്‍ക്ക് ആഹാരം നല്‍കാനായിരുന്നെന്ന് ഏറ്റുപറഞ്ഞതിനേത്തുടര്‍ന്നാണ് അലിവു തോന്നിയ സ്‌റ്റോര്‍ മാനേജര്‍ ഇയാള്‍ക്ക് ജോലി നല്‍കിയത്.
തന്റെ ഭാര്യ പ്രസവത്തോടെ അബോധാവസ്ഥയിലായെന്നും മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളതിനാല്‍ തനിക്ക് കോണ്‍ട്രാക്ട് ജോലിക്ക് പോകാന്‍ കഴിയാതായെന്നും 31 കാരന്‍ പറഞ്ഞു.

ഭാര്യ ബോധാവസ്ഥയിലെത്തിയെങ്കിലും തനിക്ക് ജോലി കണ്ടുപിടിക്കാനായില്ല. ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെ ടെസ്‌കോയുടെ സ്റ്റോറില്‍ ആഹാരം തേടുകയായിരുന്നു. കുട്ടികളെ പുറത്തു നിര്‍ത്തി അകത്തു കടന്ന താന്‍ കുറച്ചു പേരയ്ക്കയും ആപ്പിളുകളും ഡ്രിങ്ക്‌സുകളും എടുത്തിരുന്നു. വേഗം കടവിട്ടിറങ്ങുന്നതിനിടെ സെക്യൂരിറ്റിക്കാര്‍ പിടികൂടുകയായിരുന്നു.
പിടിച്ചപ്പോള്‍ത്തന്നെ കുറ്റം ഏറ്റുപറഞ്ഞ ഇയാള്‍ തന്റെ കുട്ടികളെ ചൂണ്ടിക്കാട്ടി ഇവര്‍ക്കുവേണ്ടിയാണ് ഇവരുടെ വിശപ്പടക്കാനാണ് കടുംകൈ ചെയ്തതെന്നും താന്‍ ഒരു മോഷ്ടാവല്ലെന്നും പറഞ്ഞു.

തുടര്‍ന്ന് പ്രശ്‌നത്തിലിടപെട്ട സ്റ്റോര്‍സ് മാനേജര്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ വീട്ടില്‍ അന്വേഷിച്ചു പോവുകയും ചെയ്തു. പരിതാപകരമായ അവസ്ഥയിലുള്ള ഇയാള്‍ക്ക് ഉടന്‍തന്നെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് എന്തു ജോലി നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് ഇയാളുടെ കുട്ടികളെ സ്‌കൂളിലയക്കാനാണെന്നും ടെസ്‌കോ അധികൃതര്‍ പറഞ്ഞു.