അവധിക്കാലമായി; ഗൾഫുകാരെ പോക്കറ്റടിക്കാൻ വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധന

ക്രിസ്തുമസ്, ന്യൂ ഇയർ സീസണായതോടെ ഗൾഫ് മലയാളികളുടെ പോക്കറ്റടിക്കാനുള്ള വിദ്യകളുമായി എയർലൈൻ കമ്പനികൾ രംഗത്ത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഗൾഫ്് നാടുകളിൽ സ്കൂളുകൾക്ക് അവധി ദിനങ്ങളാണെന്നതും വിമാനക്കമ്പനികളെ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
 | 

അവധിക്കാലമായി; ഗൾഫുകാരെ പോക്കറ്റടിക്കാൻ വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധന
ദുബായ്: ക്രിസ്തുമസ്, ന്യൂ ഇയർ സീസണായതോടെ ഗൾഫ് മലയാളികളുടെ പോക്കറ്റടിക്കാനുള്ള വിദ്യകളുമായി എയർലൈൻ കമ്പനികൾ രംഗത്ത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഗൾഫ്് നാടുകളിൽ സ്‌കൂളുകൾക്ക് അവധി ദിനങ്ങളാണെന്നതും വിമാനക്കമ്പനികളെ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ സഹായിക്കാൻ എയർ ഇന്ത്യ രൂപം നൽകിയ എയർ ഇന്ത്യ എക്‌സ്പ്രസും ഈ കൊള്ളയടിക്ക് പിന്നിലല്ല. അബുദാബിയിൽ നിന്നും 22-ാം തീയതി കൊച്ചിയിലേക്ക് വരാൻ 1240 ദിർഹമാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് ഈടാക്കുന്നത്. ഇത് ദുബായിയിൽ നിന്നാണെങ്കിൽ 1306 ദിർഹം കൊടുക്കണം. 1600 ദിർഹത്തിന് മുകളിലാണ് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് മിക്കവാറും എല്ലാ വിമാനക്കമ്പനികളും ഈടാക്കുന്നത്. ഈ മാസം പത്താം തീയതിക്ക് മുൻപ് വരെ ഇത് വെറും 450 മുതൽ 600 ദിർഹം വരെയായിരുന്നു.

ഗൾഫിലെ സ്‌കൂളുകളിൽ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. തിരക്ക് കുറഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ശരാശരി 500 ദിർഹത്തിനു താഴെയായിരുന്നു വൺവെ നിരക്ക്. ഈ സമയങ്ങളിൽ നാട്ടിൽ പോയി വരാൻ 1,000 ദിർഹം മതിയായിരുന്നു. ഇപ്പോൾ 2500 മുതൽ 3500 ദിർഹം വരെ ഒരാൾക്ക് വേണ്ട സ്ഥിതിയാണുള്ളത്.

നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ നിരക്ക് വർദ്ധന ബാധിക്കില്ലെന്നും ഇപ്പോൾ നാട്ടിൽ പോകാൻ തീരുമാനിക്കുന്നവരെ മാത്രമാണ് ഇത് വിഷമിപ്പിക്കുന്നതെന്നുമാണ് ട്രാവൽ ഏജൻസികളുടെ ന്യായീകരണം. ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യ വാരത്തോടെയോ മാത്രമേ ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിലയിലേക്ക് വരികയുള്ളു എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.