ഇന്ന് അറഫാ സംഗമം

വിശുദ്ധ ഹജ്ജ് കർമങ്ങളുടെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ലക്ഷക്കണക്കിന് തീർഥാടകർ മിനായിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൗദി സമയം ഉച്ചയ്ക്ക് 12.30 ഓടെയായിരിക്കും അറഫാ സംഗമം.
 | 
ഇന്ന് അറഫാ സംഗമം

മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങളുടെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ലക്ഷക്കണക്കിന് തീർഥാടകർ മിനായിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൗദി സമയം ഉച്ചയ്ക്ക് 12.30 ഓടെയായിരിക്കും അറഫാ സംഗമം. വെള്ളിയാഴ്ചയും അറഫാ ദിനവും ഒന്നിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ഹാജിമാർ.

ഇന്ന് സന്ധ്യവരെ ദിക്‌റുകളും പ്രാർഥനകളുമായി തീർഥാടകർ അറഫയിൽ കഴിച്ചുകൂട്ടും. ജുമുഅ നിസ്‌ക്കാര സമയത്ത് അറഫയിലെ നമിറ പള്ളിയിൽ പ്രവാചകന്റെ ഹജ്ജ് പ്രസംഗം അനുസ്മരിപ്പിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. സൂര്യാസ്തമയശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ ജംറയിലെ ആദ്യ കല്ലേറും കഴിയുന്നതോടെ ഹജ്ജിന്റെ പ്രധാനചടങ്ങുകൾ അവസാനിക്കും.

20 ലക്ഷത്തോളം തീർഥാടകരാണ് അറഫാ മൈതാനിയിൽ ഇത്തവണ സംഗമിക്കുന്നത്. 14 ലക്ഷത്തോളം വരുന്ന വിദേശ തീർഥാടകരിൽ 1,36,000 ഓളം പേർ ഇന്ത്യയിൽ നിന്നാണ്. ബുധനാഴ്ച ഉച്ചവരെ 13,84,199 വിദേശ തീർത്ഥാടകർ എത്തിയതായി അധികൃതർ അറിയിച്ചു.