സൗദിയിലെ വിനോദ സഞ്ചാര മേഖലയിലും സ്വദേശിവല്‍ക്കരണം

വിനോദ സഞ്ചാര മേഖലയിലെ എക്സികൂട്ടീവ് ജോലികളും നേതൃസ്ഥാനങ്ങളുമടക്കം ഉന്നത തസ്തികകളാണ് സൗദിവത്ക്കരിക്കുക. ദേശീയ വിനോദസഞ്ചാര മാനവ വിഭവ വികസന പ്രോജക്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.
 | 
സൗദിയിലെ വിനോദ സഞ്ചാര മേഖലയിലും സ്വദേശിവല്‍ക്കരണം

ജിദ്ദ: സൗദിയിലെ ടൂറിസം മേഖലയിലെ കൂടുതല്‍ ശതമാനം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനം. ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. സൗദി തൊഴില്‍ മന്ത്രാലയത്തിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിനോദ സഞ്ചാര മേഖലയിലെ എക്സികൂട്ടീവ് ജോലികളും നേതൃസ്ഥാനങ്ങളുമടക്കം ഉന്നത തസ്തികകളാണ് സൗദിവത്ക്കരിക്കുക. ദേശീയ വിനോദസഞ്ചാര മാനവ വിഭവ വികസന പ്രോജക്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം, മാനവ വിഭവ വികസന ഫണ്ട്, സ്വകാര്യ മേഖല പങ്കാളികള്‍ തുടങ്ങിയവര്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സൗദി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശി തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2018 നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം നിലപാടറിയിച്ചിരുന്നു.