വിൻഡീസ് 258 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.സി.സി.ഐ

പ്രതിഫല തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചതിന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് 42 ദശലക്ഷം ഡോളർ (258 കോടി രൂപ) ഈടാക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഡേവ് കാമറൂണിന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേൽ കത്തയച്ചിട്ടുണ്ട്.
 | 
വിൻഡീസ് 258 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.സി.സി.ഐ

 

മുംബൈ: പ്രതിഫല തർക്കത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചതിന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് 42 ദശലക്ഷം ഡോളർ (258 കോടി രൂപ) ഈടാക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഡേവ് കാമറൂണിന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേൽ കത്തയച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബി.സി.സി.ഐ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി.സി.സി.ഐയുടെ കത്ത് ലഭിച്ചതായി വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രതിനിധി ഇമ്രാൻ ഖാൻ അറിയിച്ചു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യൻ പര്യടനത്തിൽനിന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതോടെ കോടികളുടെ നഷ്ടമുണ്ടായത് കൊണ്ടാണ് ബി.സി.സി.ഐയുടെ നടപടി. ഇതിനെതിരെ നഷ്ടപരിഹാരം ഈടാക്കുമെന്ന് രണ്ടാഴാച മുമ്പുതന്നെ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ചതായും കത്തിൽ പരാമർശമുണ്ട്.

സഞ്ജയ് പട്ടേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഏകദേശം 400 കോടിരൂപയാണ് നഷ്ടം സംഭവിച്ചത്. മൽസരം പ്രക്ഷേപണം ചെയ്യുന്നതിനുള്ള കരാർ വഴിയാണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. ടിക്കറ്റ് വിൽപ്പന വഴി രണ്ട് മില്യൺ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ പറയുന്നു.

അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്റി-20യും കളിക്കാനാണ് വെസ്റ്റിൻഡീസ് ടീം ഇന്ത്യയിലെത്തിയത്. ഇതിൽ ഒരു ഏകദിന മത്സരവും മൂന്ന് ടെസ്റ്റും ഒരു ട്വന്റി-20 മത്സരവും ഉൾപ്പെടെ 17 മത്സര ദിനങ്ങൾ ബാക്കി നിൽക്കെയാണ് വിൻഡീസ് മത്സരങ്ങളിൽ നിന്നും ഒഴിവായത്. വേതനവർദ്ധനവിനെക്കുറിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള തർക്കത്തെത്തുടർന്നാണ് വിൻഡീസ് ടീം അംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. വിൻഡീസ് പരമ്പര ഉപേക്ഷിച്ചതോടെ ശ്രീലങ്കൻ ടീം അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കാൻ തയാറാവുകയായിരുന്നു.