സ്റ്റാർട്ടപ്പ് വില്ലേജിലെ വിദ്യാർഥി സംരംഭകർ കാനഡയിലേക്ക്

സ്കേറ്റിംഗ് ബോർഡുകളിൽ തെന്നിക്കളിക്കുന്ന പ്രതിഭകൾക്ക് കഴിവു വർധിപ്പിക്കാൻ സഹായകമാകുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനു രൂപംകൊടുത്ത സ്റ്റാർട്ടപ്പ് വില്ലേജിലെ ആറ് വിദ്യാർഥി സംരംഭകർക്ക് ആഗോള അംഗീകാരം. കാനഡയിലെത്തി ഇന്നൊവേഷൻ വിദഗ്ദ്ധർ, നിക്ഷേപകർ, മെന്റർമാർ തുടങ്ങിയവരുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇവർക്ക് ലഭിക്കുന്നത്.
 | 
സ്റ്റാർട്ടപ്പ് വില്ലേജിലെ വിദ്യാർഥി സംരംഭകർ കാനഡയിലേക്ക്


കൊച്ചി:
സ്‌കേറ്റിംഗ് ബോർഡുകളിൽ തെന്നിക്കളിക്കുന്ന പ്രതിഭകൾക്ക്  കഴിവു വർധിപ്പിക്കാൻ സഹായകമാകുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനു രൂപംകൊടുത്ത സ്റ്റാർട്ടപ്പ് വില്ലേജിലെ ആറ് വിദ്യാർഥി സംരംഭകർക്ക് ആഗോള അംഗീകാരം. കാനഡയിലെത്തി ഇന്നൊവേഷൻ വിദഗ്ദ്ധർ, നിക്ഷേപകർ, മെന്റർമാർ തുടങ്ങിയവരുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇവർക്ക് ലഭിക്കുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാനഡയിലെ ഓൺറ്റാറിയോ സർക്കാർ, ഐബിഎം ഗ്ലോബൽ, റേഴ്‌സൺ ഫ്യൂച്ചേഴ്‌സ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ‘നെക്സ്റ്റ് ബിഗ് ഐഡിയ കോണ്ടസ്റ്റ് 2014’ ലെ ഏറ്റവും മികച്ച അഞ്ചിൽ ഒന്നായി ഇവരുടെ ഫൽപ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത ‘ദി സ്മാർട്ട് റെയ്‌സർ’ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ടൊറന്റോയിലേക്ക് എല്ലാ ചെലവുകളും സംഘാടകർ വഹിക്കുന്ന യാത്രക്കുള്ള അവസരം ലഭിച്ചത്.

വളരെ ആകർഷകമായ ഉൽപന്നങ്ങളിലൊന്നായി ഇന്റലും തെരഞ്ഞെടുത്ത ഈ ഉൽപന്നത്തിന് അവരുടെ ഏറ്റവും പുതിയ എഡിസൺ ബോർഡ് അംഗീകാരം ലഭിച്ചിരുന്നു. നൂതനാശയങ്ങളുടെ പ്രാഥമിക രൂപം ഉണ്ടാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വിദ്യാർഥികൾക്ക് നൽകുന്ന പിന്തുണയാണിത്.

ഫൽപ് ടെക്‌നോളജിയുടെ ജിബിൻ ജോസ്, അഭിമന്യു നായർ, ജിഷ്ണു വിജയൻ, ബാലഗോവിന്ദ് ഗിരീഷ്, രോഹിത് സാമുവൽ, അബ്രഹാം അലക്‌സാണ്ടർ എന്നിവരാണ് ടൊറന്റോയുടെ ഡിസ്‌കവറി ഡിസ്ട്രിക്ടിൽ രണ്ടാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുക. ഇവിടെ നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ വ്യാപാര വികസനത്തിനുള്ള സാധ്യതകളുൾപ്പെടെ ഇവർക്കു ലഭിക്കും.

ഈ വിദ്യാർഥി സംഘത്തിനു ലഭിച്ച അവസരത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. നിങ്ങളുടെ കയ്യിൽ നൂതനമായൊരാശയവും അത് നടപ്പാക്കാനുള്ള അതീവ താൽപര്യവും അതിലേക്കു മുന്നേറാനുള്ള ആവേശവുമുണ്ടെങ്കിൽ അവസരങ്ങളുടെ ഒരു ലോകം മുന്നിലുണ്ടെന്ന് ഈ വിദ്യാർഥിസംരംഭകർ തെളിയിച്ചിരിക്കുകയാണെന്നും ഇന്ത്യയിലെ യുവാക്കൾക്ക് സ്റ്റാർട്ടപ്പ് വില്ലേജ് നൽകുന്ന സന്ദേശമിതാണെന്നും സഞ്ജയ് പറഞ്ഞു.

കാനഡ സന്ദർശിക്കാനും വ്യാവസായിക മേഖലയിലെ ഉന്നതരുമായി സംവദിക്കാനും കിട്ടിയ ഈ അവസരത്തിൽ ആവേശഭരിതരാണെന്ന് ഫൽപ് സഹസ്ഥാപകൻ ജിബിൻ ജോസ് പറഞ്ഞു. കായിക സാഹസങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിലായിരിക്കും കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്നും ജിബിൻ കൂട്ടിച്ചേർത്തു.

ഒരു സ്‌കേറ്റ് ബോർഡ് അഭ്യാസിക്ക് താനൊരു പ്രൊഫഷണലാണോ അമച്വറാണോ എന്നു മനസ്സിലാക്കാനുതകും വിധത്തിലുള്ള വിശകലനങ്ങൾക്ക് സഹായിക്കുന്ന ഉപകരണമാണ് സ്മാർട്ട് റെസർ എന്ന് ഫൽപ്പിന്റെ മറ്റൊരു സഹസ്ഥാപകനായ അഭിമന്യു നായർ പറഞ്ഞു. സ്‌കേറ്റ് ബോർഡുമായി ബന്ധിപ്പിക്കുന്ന ഉപകരണം ബോർഡിന്റെ ബലവും ചലനവുമെല്ലാം നിരീക്ഷിച്ച് ബ്ലൂടൂത്തിന്റെ സഹായത്തോടെ സ്മാർട്ട്‌ഫോൺ ആപ്പിലേക്ക് അയക്കും. ഇത് ഈ ആപ്ലിക്കേഷൻ വിശകലനം ചെയ്ത് അഭ്യാസിക്ക് കഴിവു വർധിപ്പിക്കാനാവശ്യമായ സഹായം നൽകും. വ്യക്തിപരമായ പരിശീലകന്റെ സ്ഥാനമാണ് ഇതിലൂടെ ഈ ഉപകരണത്തിന് ലഭിക്കുകയെന്ന് അഭിമന്യു പറഞ്ഞു.

ആരക്കുന്നത്തെ ടോക്എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് (ടിസ്റ്റ്) സമീപനാളിലാണ് ജിബിൻ ജോസും അഭിമന്യു നായരും ബി ടെക് വിജയിച്ച് പുറത്തിറങ്ങിയത്. മറ്റു നാലുപേരും ഇതേ കോളജിൽ വിവിധ വിഭാഗങ്ങളിൽ ഇപ്പോഴും പഠിക്കുന്നവരാണ്. എസ്‌വി സ്‌ക്വയർ പരിപാടിയുടെ ഭാഗമായി സ്റ്റാർട്ടപ്പ് വില്ലേജിൽ നിന്ന് സിലിക്കൺ വാലിയിൽ പോയ സംഘത്തിലെ അംഗമായിരുന്നു ജിബിൻ.