വീനസ്; ബക്കറ്റിനെ വാഷിംഗ് മെഷീനാക്കുന്ന അത്ഭുത യന്ത്രം

വാഷിംഗ് മെഷീനില്ലാത്ത ഒരു ജീവിതം ഇന്ന് ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല. എന്നാൽ ബക്കറ്റിനെ വാഷിംഗ് മെഷീനാക്കി മാറ്റാൻ കഴിയുന്ന ഒരു ഉപകരണവുമായാണ് മുംബൈയിലെ സ്റ്റാർട്ടപ്പായ വിംബാസ് നവ് രചനയുടെ വരവ്.
 | 

വാഷിംഗ് മെഷീനില്ലാത്ത ഒരു ജീവിതം ഇന്ന് ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല. എന്നാൽ ബക്കറ്റിനെ വാഷിംഗ് മെഷീനാക്കി മാറ്റാൻ കഴിയുന്ന ഒരു ഉപകരണവുമായാണ് മുംബൈയിലെ സ്റ്റാർട്ടപ്പായ വിംബാസ് നവ് രചനയുടെ വരവ്. ഇവർ വികസിപ്പിച്ചെടുത്ത വീനസ് എന്ന ഉപകരണത്തിലൂടെ ബക്കറ്റിലുള്ള തുണികളെ വാഷിംഗ് മെഷീനിലെന്ന വണ്ണം അലക്കാനാവുമത്രെ. വെറും 1500 രൂപ വിലയുള്ള ഈ ഉപകരണം അടുത്ത വർഷം രണ്ടാംപാദത്തിൽ വിപണിയിലെത്തും.

താഴ്ന്ന വരുമാനമുള്ളവരെ ഉദ്ദേശിച്ചാണീ പോർട്ടബിൾ വാഷിംഗ് മെഷീൻ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് വിംബാസ് നവ് രചനയുടെ സ്ഥാപകനായ പീയൂഷ് അഗർവാൾ പറയുന്നത്. ഹോസ്റ്റലുകളിൽ  താമസിക്കുന്നവർക്കും കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവർക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൽപന്നത്തിന്റെ വൻ തോതിലുള്ള നിർമ്മാണത്തിനും കുറഞ്ഞ വിലയിലുള്ള വിൽപനയ്ക്കുമായി ഫണ്ട് കണ്ടെത്തുന്നതിനായി കമ്പനി  ഒരു ക്രൗഡ്ഫണ്ടിംഗ് ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ലക്ഷ്യത്തിന്റെ അഞ്ച് ശതമാനം തുകയായ 30 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടുമുണ്ട്. ഒക്ടോബർ 13ന് ആരംഭിച്ച ക്യാംപയിൻ ഡിസംബർ 12ന് അവസാനിക്കും.

സ്ഥിരമായി വൈദ്യുതി ലഭിക്കാൻ പ്രയാസമുള്ളവർക്ക്  ഉപയോഗിക്കാനായി വീനസിന്റെ ഒരു ഡിസി വേർഷനും പുറത്തിറക്കാൻ പദ്ധതിയുണ്ട്. 12 വോൾട്ട് ബാറ്ററിയുണ്ടെങ്കിൽ ഇത് പ്രവർത്തിപ്പിക്കാനാവും. എസി വേർഷനൊപ്പം ഡിസിയും വിൽപനയ്ക്ക് തയ്യാറാക്കാനാണ് പദ്ധതി.
110/ 230 വോൾട്ടേജിലാണ് വീനസിന്റെ എസി വേർഷൻ പ്രവർത്തിക്കുക. 350 വാട്ട്‌സ് പവറാണിതിനുണ്ടാകുക.

2.1 കിലോഗ്രാം ഭാരമുള്ള ഈ മെഷീന് 2.5 കിലോഗ്രാം കപ്പാസിറ്റിയുണ്ട്.  ബേസിക്ക് യൂണിറ്റ്, ബക്കറ്റ്, ബക്കറ്റ് ക്ലാംപുകൾ എന്നിവയാണ് വീനസിൽ ഉൾപ്പെടുന്നത്. ആദ്യം ബക്കറ്റിൽ ജലം നിറയ്ക്കണം. തുടർന്ന് ഡിറ്റർജന്റ് കലർത്തണം. പിന്നീട് മെഷീൻ മൗണ്ട് ചെയ്ത ശേഷം മൂന്ന് മുതൽ അഞ്ച് മിനുറ്റിനുള്ളിൽ അലക്കൽ പൂർത്തിയാകും.