രംഗ് രസിയയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

രാജാ രവി വർമ്മയുടെ ജീവിതം പകർത്തുന്ന വിവാദ ചിത്രം രംഗ് രസിയയുടെ ട്രെയ്ലർ പുറത്തിറങ്ങി. മറാത്തി സാഹിത്യകാരൻ രഞ്ജിത് ദേശായിയുടെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 | 

വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ ജീവിതം പകർത്തുന്ന വിവാദ ചിത്രം രംഗ് രസിയയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മറാത്തി സാഹിത്യകാരൻ രഞ്ജിത് ദേശായിയുടെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രവി വർമ്മയുടെ പ്രണയവും ജീവിതവും പകർത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കേതൻ മേത്തയാണ്. ഹൈവേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രൺദീപ് ഹൂഡയാണ് രവി വർമ്മയായെത്തുന്നത്. രവി വർമ്മൻ ചിത്രങ്ങളുടെ മോഡലായ സുഗന്ധയും രവിവർമ്മയും തമ്മിലുള്ള പ്രണയവും വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സുഗന്ധ എന്ന സുന്ദരിയായ മറാത്തി യുവതിയായി നന്ദന സെൻ വേഷമിടുന്നു. പരേഷ് റാവൽ, തൃപ്ത പരശർ, രചന ഷാ എന്നിലരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും രവി വർമ്മ അനുഭവിച്ച യാതനകളും സംഘർഷങ്ങളും ചിത്രം ഉൾക്കൊള്ളുന്നുണ്ട്.

2008-ൽ പൂർത്തിയായ ചിത്രം സെൻസർ ബോർഡിന്റെ എതിർപ്പുകളെ തുടർന്ന് പുറത്തിറങ്ങാതിരിക്കുകയായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നവംബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.