എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് കേടുപാട്; ഡാറ്റ വീണ്ടെടുക്കാന്‍ യുഎസിലേക്ക് അയക്കും

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സി'ന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കേണ്ടിവരുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ അല്ലെങ്കില്‍ സിവിആര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അല്ലെങ്കില്‍ എഫ്ഡിആര്‍ എന്നീ രണ്ട് ഉപകരണങ്ങള്‍ അടങ്ങുന്നതാണ് വാസ്തവത്തില്‍ ബ്ലാക്ക് ബോക്‌സ്. തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിനാണ് പരിശോധനയ്ക്കായി അയക്കുക. ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിമാനാപകടം നടന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അവശിഷ്ടങ്ങളില്‍ നിന്ന് ഇവ പെട്ടെന്ന് തിരിച്ചറിയാന്‍ തിളക്കമുള്ള ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്‌സുകള്‍ ഉള്ളത്.
പുതിയ വിമാനങ്ങളിലെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) 25 മണിക്കൂര്‍ വരെ കോക്ക്പിറ്റ് സംഭാഷണങ്ങള്‍, ശബ്ദം, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, വിവിധ അലേര്‍ട്ടുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യും.
അപകടത്തിന്റെ ആദ്യദിനം മുതല്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അപകടത്തെക്കുറിച്ച് വ്യക്തത വരണമെങ്കില്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കേണ്ടതുണ്ട്. വിമാനത്തിന് 650 അടിക്കുമുകളിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇതോടെയാണ് പൈലറ്റുമാര്‍ അപകടവിവരം അറിയിച്ചതെന്ന് വ്യോമയാന സെക്രട്ടറി എസ്.കെ. സിന്‍ഹ പറഞ്ഞു. എടിസിയുടെ പ്രതികരണങ്ങള്‍ക്കു മറുപടി ലഭിച്ചില്ലെന്നും 36 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.