ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മ്യൂസിക് ആൽബമൊരുക്കി ഫേസ്ബുക്ക് കൂട്ടായ്മ

ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഗീത ആൽബമൊരുക്കി ഒത്തു ചേരുന്നു. ഇവർ സ്വന്തമായി എഴുതി, ഈണമിട്ട്, പാടിയ പാട്ടുകൾ കോർത്തിണക്കിയ ‘മറന്നൊരീണം’ എന്ന പേരിലുള്ള ആൽബം പുറത്തിറങ്ങുകയാണ്.
ആൽബം വിറ്റു കിട്ടുന്ന പണം തൃശ്ശൂരിലുള്ള ‘സോലസ്’ എന്ന സംഘടനയ്ക്കാണ് ഇവർ നൽകുന്നത്. ക്യാൻസർ പോലുള്ള രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളെ പരിപാലിക്കുന്ന സംഘടനയാണിത്. കൂടാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തങ്ങളുടെ കഴിവുകൾ തളച്ചിടേണ്ടി വന്ന പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മയ്ക്ക് പിന്നിലുണ്ടെന്ന് കൂട്ടുകാർ പറയുന്നു.

14ന് വൈകുന്നേരം 2 മണിക്ക് തൃശ്ശൂർ എഴുത്തച്ഛൻ സമാജം ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിന് പ്രമുഖർ സാക്ഷ്യം വഹിക്കും. മനുഷ്യർ തങ്ങളിലേയ്ക്ക് മാത്രമായി ചുരുങ്ങുകയും, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ഈ കാലത്ത് തങ്ങളുടെ പ്രവൃത്തി മറ്റുള്ളവർക്ക് ഒരു മാതൃകയാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.
സോഫി.കെ.മഗാൽ, സുധീഷ് ചന്ദ്രൻ, ഹരിഹർ ദാസ്, ജാഫർ ഷിബു ബാബു, നയൻ, വിപിൻ, ഗോഡ്‌വിൻ, സിനി, സോനു ഷാജി, ഷാനുശ്രീ, മിനികുട്ടി, സാദിഖ് എന്നിവരാണ് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.