യൂട്യൂബ് ഇന്ത്യയിൽ ട്രെന്റിംഗായ പത്ത് വീഡിയോകൾ

യൂട്യൂബ് ഇന്ത്യയിൽ ട്രെന്റിംഗായ പത്ത് വീഡിയോകൾ
 | 

 

1. ബേബി ഡോൾ രാഗിണി എംഎംഎസ് 2

ഭൂഷൺ കുമാർ സംവിധാനം ചെയ്ത് എക്താ കപൂറും, ശോഭ കപൂറും ചേർന്ന് നിർമ്മിച്ച ചിത്രം രാഗിണി എംഎംഎസ് 2 വിലെ ഗാനമാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന ബേബി ഡോൾ. മീറ്റ് ബ്രോസ് അഞ്ചാൻ ഈണം നൽകി മീറ്റ് ബ്രോസ് അഞ്ചാനും, കനിക കപൂറും, കുനാൽ അവന്തിയും ചേർന്ന് പാടിയിരിക്കുന്ന ഗാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. സണ്ണിലിയോണിന്റെ ഹോട്ട് ഡാൻസുകൊണ്ട് ശ്രദ്ധേയമായ ഗാനം ഇതുവരെ നാലു കോടി ആളുകളാണ് കണ്ടിരിക്കുന്നത്.

 

2. ചാർ ബോട്ടിൽ വോഡ്ക രാഗിണി എംഎംഎസ് 2

രാഗിണി എംഎംഎസ് 2ലെ തന്നെ മറ്റൊരു ഗാനമായ ചാർബോട്ടിൽ വോഡ്കയാണ് യൂട്യൂബ് ട്രെൻഡിങ്ങിൻ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. പഞ്ചാബി പോപ്പ് താരം യോ യോ ഹണി സിങ് ഈണം പകർന്ന് ഹണി സിങ് തന്നെ ആലപിച്ച ഗാനവും കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. സണ്ണി ലിയോണും ഹണി സിങും പ്രത്യക്ഷപ്പെടുന്ന ഗാനം ഇതുവരെ 2.9 കോടി ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്.

 

3. സംഞ്ചാവ ഹംടി ശർമ്മ കി ദുൽഹനിയ

കരൺ ജോഹർ നിർമ്മിച്ച് ശശാങ്ക് കെയ്ത്താൻ സംവിധാനം ചെയ്ത ഹംടി ശർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിലെ സംഞ്ചാവ എന്ന ഗാനമാണ് പട്ടികയിൽ അടുത്തതായി ഇടം പിടിച്ചിരിക്കുന്നത്. ഇംത്യാസ് അലി ചിത്രം ഹൈവേയിൽ എ ആർ റഹ്മാന്റെ സംഗീതത്തിന് കീഴിൽ പാടി പിന്നണി ഗാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടാണ് സംജാവ പാടിയിരിക്കുന്നത്. ചിത്രത്തിൽ അർജിത് സിങും ശ്രേയ ഘോഷാലും ചേർന്ന്  ആലപിച്ച ഗാനത്തിന്റ സംഞ്ചാവ അൺപ്ലഗ്ഡ് എന്ന റീമിക്‌സ് വേർഷനാണ് ആലിയ പാടിയിരിക്കുന്നത്. ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷരീബ്‌തോഷി കൂട്ടുകെട്ടാണ്. കഴിഞ്ഞ ജൂലൈയിൽ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 1.6 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

 

4. തൂ മേരി ബാങ് ബാങ്

ഹൃത്വിക് റോഷനും കത്രീന കൈഫും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം ബാങ് ബാങ്ങിലെ തൂ മേരി എന്ന ഗാനമാണ് നാലാം സ്ഥാനത്ത്. വിശാൽ ദഡ്‌ലാനി വരികളെഴുതി ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിശാൽ ശേഖർ കൂട്ടുകെട്ടാണ്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോയുടെ ബാനറിൽ സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1.2 കോടി ആളുകളാണ് ഗാനം ഇതുവരെ യൂട്യൂബിലൂടെ കണ്ടത്.

 

5. സറൂറി ധാ രാഹത്ത് ഫത്തേഹ് അലി ഖാൻ

പാക്കിസ്ഥാൻ ഗായകൻ രാഹത്ത് ഫത്തേഹ് അലി ഖാന്റെ സറൂറി ധാ എന്ന ഗാനമാണ് 2014 ലെ യൂട്യൂബ് ട്രെൻഡിങ് വീഡിയോയിൽ അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 2.5 കോടി ആളുകളാണ് ലോകത്താകെമാനം കണ്ടിരിക്കുന്നത്.

 

6. ഡേവിൾ, യാർ ന മിലേ കിക്ക്

ഈ വർഷം പുറത്തിറങ്ങിയ സൽമാൻഖാന്റെ ഹിറ്റ് ചിത്രം കിക്കിലെ ഡെവിൾ എന്ന ഗാനമാണ് ആറാം സ്ഥാനത്ത്. യോ യോ ഹണി സിങും, ജാസ്മിൻ സാന്റ്‌ലാസും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് യോ യോ ഹണി സിങ്ങാണ്. സൽമാൻഖാനും, ജാക്വലിൻ ഫെർണ്ണാണ്ടസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് നാദിയാത്‌വാലയാണ്. കഴിഞ്ഞ ജൂലൈയിൽ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 2.2 കോടി ആളുകൾ യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു.

 

7. തൂ മാറി എൻട്രി ഗുണ്ടെ

രൺവീർ സിങും, അർജുൻ കപൂറും, പ്രിയങ്ക ചോപ്രയും അഭിനയിച്ച ഹിറ്റ് ചിത്രം ഗുണ്ടെയിലെ തൂ മാറി എൻട്രി എന്ന ഗാനമാണ് ഏഴാം സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്. വിശാൽ ദഡ്‌ലാനിയും നീതി മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സൊഹൈൽ സെന്നാണ്. ആദിത്യ ചോപ്ര നിർമ്മിച്ച് അലി അബ്ബാസ് സഫർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ വിഡിയോ കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്. ഇതുവരെ 1.2 കോടി ആളുകൾ ഗാനം യൂട്യൂബിലൂടെ കണ്ടു.

 

8. ജുമ്മേക്കി രാത്ത് കിക്ക്

സൽമാൻ ഖാന്റെ കിക്കിലെ തന്നെ മറ്റൊരു ഗാനം ജുമ്മേക്കി രാത്താണ് എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഹിമേഷ് റേഷാമിയയുടെ സംഗീതത്തിൽ മിഖ സിങാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൽമാൻ ഖാനും, ജാക്വലിൻ ഫെർണ്ണാണ്ടസും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് നാദിയാത്‌വാലയാണ്. കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ വീഡിയോ 1.6 കോടി ആളുകൾ യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു.

 

9. ജോണി ജോണി ഇറ്റ്‌സ് എന്റർടൈൻമെന്റ്

ജോണി ജോണി യെസ് പപ്പ എന്ന നേഴ്‌സറി പാട്ട് ഇറ്റ്‌സ് എന്റർടൈൻമെന്റ് എന്ന അക്ഷയ് കുമാർ ചിത്രത്തിന് വേണ്ടി പുനരവതരിപ്പിച്ചപ്പോൾ അത് ഇന്ത്യയിലെ ട്രെൻഡിങ്ങായ യൂട്യൂബ് വീഡിയോകളിൽ ഒമ്പതാം സ്ഥാനത്തെത്തി. ജിഗർ, പ്രിയ പഞ്ചൽ, മാധവ് കൃഷ്ണ എന്നിവർ ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻജിഗർ കൂട്ടുകെട്ടാണ്. ഫർഹാദ് സാജിദ് സംവിധാനം ചെയ്ത ചിത്രത്തിലെ ജോണി ജോണി എന്ന ഗാനം പുറത്തിറങ്ങിയത് കഴിഞ്ഞ ജൂണിലാണ്. ഇതുവരെ 1.4 കോടി കാണികളെ യൂട്യൂബിലൂടെ സൃഷ്ടിക്കാൻ ആ ഗാനത്തിന് കഴിഞ്ഞു.

 

10. ലാ ലാ ലാ ഷക്കീറ

2010 ലോകകപ്പിലെ ഔദ്യോഗിക ഗാനമായിരുന്ന വക്ക വക്കായുടെ ചുവടു പിടിച്ച് ഷക്കീറ 2014 ലോകകപ്പിന് മുമ്പ് പുറത്തിറക്കിയ ഗാനം ഫിഫയുടെ ഔദ്യോഗിക ഗാനമല്ലായിരുന്നുവെങ്കിലും ഔദ്യോഗിക ഗാനമായ വി ആർ ദ വണ്ണിനെക്കാളും വലിയ വിജയമായിരുന്നു. യൂട്യൂബ് ട്രെൻഡിങ് വീഡിയോ ഗ്ലോബലിൽ നാലാം സ്ഥാനത്തെത്തിയ ഗാനമാണ് ലാ ലാ ലാ എങ്കിലും ഇന്ത്യയിൽ ഷക്കീറയുടെ ഈ സൂപ്പർ ഹിറ്റ് ഗാനം പത്താം സ്ഥാനത്താണ്. കഴിഞ്ഞ മെയ് യിൽ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ 42.4 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.