ഏതാണ് ശരിക്കും കോപ്പിയടി? ബലൂചിസ്ഥാനോ ബേബി ഡോളോ

ഏറ്റവും ഹോട്ടായ ഗാനം എന്ന ലേബലിൽ പുറത്തിറങ്ങിയ ഗാനമാണ് ബേബി ഡോൾ. രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ഈ ഗാനം സണ്ണി ലിയോണിന്റെ ചൂടൻ ആട്ടം കൊണ്ടും മീറ്റ് ബ്രോസ് അഞ്ചാന്റെ ശ്രദ്ധേയമായ ഈണം കൊണ്ടും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗാനം ഇതുവരെ യൂട്യൂബിലുടെ കണ്ടിരിക്കുന്നത് 3.9 കോടി ആളുകളാണ്. കോപ്പിയടി വിവാദത്തിൽ പെട്ട് ബേബി ഡോൾ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസമാദ്യം മീറ്റ്ബ്രോസ് അഞ്ചാനിലെ അംഗം ഹർമീത്ത് സിങ് ബേബി ഡോളിന്റെ ബലൂചിസ്ഥാൻ വേർഷനെന്ന് പറഞ്ഞ് ഒരു വീഡിയോ ഫേസ്ബുക്കിലിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഇന്റർനെറ്റ് ലോകം ഏറ്റെടുത്ത വീഡിയോ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. മീറ്റ് ബ്രോസ്അഞ്ചാൻ ബലൂചിസ്ഥാൻ സംഗീതം മോഷ്ടിച്ചാണ് ബേബി ഡോൾ സൃഷ്ടിച്ചതെന്നാണ് പ്രധാന ആരോപണം. എന്നാൽ വാർത്തകൾ നിഷേധിച്ചു കൊണ്ട് മീറ്റ്ബ്രോസ് അഞ്ചാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പാട്ടിന്റെ ബലൂചിസ്ഥാൻ വേർഷനാണതെന്നും, തങ്ങളുടെ പാട്ടിന് അത്ര പ്രശസ്തി ലഭിച്ചതിൽ സന്തോഷിക്കുന്നുവെന്നുമാണ് സംഘത്തിലെ അംഗം ഹർമീത്ത് പറഞ്ഞത്.