മഡോണയുടെ ലിവിങ് ഫോർ ലൗവിന്റെ വിഡിയോ
മഡോണയുടെ ആൽബം റിബൽ ഹേർട്ടിലെ ആദ്യ വിഡിയോ പുറത്തിറങ്ങി. ലിവ് ഫോർ ലൗവ് എന്ന ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 20 ന് പുറത്തിറങ്ങിയ ഗാനത്തിന്റെ ഓഡിയോ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. മഡോണയും, തോമസ് വെസ്ലി, മ്യൂറീൻ തുടങ്ങിയവർ ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. കാളപ്പോരുകാരിയായി മഡോണ എത്തുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഡോണയുടെ പതിമൂന്നാമത്തെ ആൽബമായ റിബൽ ഹേർട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, ബോബ് മാർലി എന്നിവരുടെ ചിത്രങ്ങൾ, റിബൽ ഹാർട്ടിന്റെ കവറുപോലെ തോന്നിക്കുന്ന തരത്തിൽ മുഖം കെട്ടിവരിഞ്ഞ് സോഷ്യൽ നെറ്റ് വർക്ക് സൈറ്റിൽ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയത്. ഈ നടപടിക്കെതിരേ വ്യാപകവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പിന്നീട് മഡോണ മാപ്പു പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്.
2012 ൽ പുറത്തിറങ്ങിയ എംഡിഎൻഎക്ക് ശേഷം പുറത്തിറക്കുന്ന ആൽബത്തിന് മഡോണ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുവഴി ഏറെ പ്രമോഷൻ നടത്തിയിരുന്നു. അതിനിടയിൽ ആൽബത്തിലെ ഗാനങ്ങൾ ചോർന്നത് മഡോണയെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതേ തുടർന്ന് ഒറ്റ അടിക്ക്, ചോർന്ന ഗാനങ്ങളുടെയെല്ലാം അസ്സൽ പതിപ്പ് പുറത്തിറക്കി താരം പ്രതിസന്ധി തരണം ചെയ്തിരുന്നു.