നെൽസൻ മണ്ടേലയെ വികൃതമാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്; മഡോണ മാപ്പ് പറഞ്ഞു
ലോക പ്രശസ്തരുടെ മുഖം വികൃതമാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ പോപ്പ് ഗായിക മഡോണ മാപ്പ് പറഞ്ഞു. നെൽസൻ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ്, ഡയാന രാജകുമാരി, ബോബ് മാർലി, മെർലിൻ മർണോ എന്നിവരുടെ മുഖമാണ് മഡോണ തന്റെ ആൽബത്തിന് വേണ്ടി വികൃതമായി ചിത്രീകരിച്ചത്.
പുതിയ ആൽബം റെബൽ ഹാർട്ടിന്റെ പ്രചാരണത്തിന് വേണ്ടി മഡോണ തന്റെ മുഖം കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് തന്റെ മുഖത്തിന് പകരം പ്രമുഖരുടെ മുഖം ഉൾപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് മഡോണ പുലിവാൽ പിടിച്ചത്.

മഡോണയുടെ അനാദരവാണ് ചിത്രത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും പ്രതികരിച്ചു. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ ചെയ്തത് തെറ്റായിപ്പോയെന്ന് ഒരു ആരാധകൻ പ്രതികരിച്ചു. നെൽസൻ മണ്ടേല സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയത്. അദ്ദേഹത്തെ നിങ്ങളുടെ ആൽബത്തിന്റെ പ്രചാരണത്തിന് വേണ്ടിയല്ല ഉപയോഗിക്കേണ്ടത് എന്നായിരുന്നു മറ്റൊരു കമന്റ്.