ഭവനരഹിതർക്ക് മൈലിയുടെ ക്രിസ്തുമസ് പാർട്ടി

ഒരു സുപ്രഭാതത്തിൽ ആളുകൾക്ക് ഇങ്ങനെ മാറാൻ പറ്റുമോ? പറ്റും എന്നാണ് മൈലി സൈറസ് തെളിയിച്ചിരിക്കുന്നത്. അമേരിക്കയിലെ തെരുവുകളിൽ ജീവിതം തള്ളി നീക്കുന്ന യുവാക്കൾക്കായി ഒരു ഫണ്ട് രൂപീകരിക്കാൻ പോകുകയാണെന്ന് ഫേസ്ബുക്കിലൂടെ മൈലി ആരാധകരെ അറിയിച്ചപ്പോൾ സംഗതി സീരിയസാണ് എന്ന് അധികം ആരും കരുതിയിരുന്നില്ല.
 | 
ഭവനരഹിതർക്ക് മൈലിയുടെ ക്രിസ്തുമസ് പാർട്ടി

 

ഒരു സുപ്രഭാതത്തിൽ ആളുകൾക്ക് ഇങ്ങനെ മാറാൻ പറ്റുമോ? പറ്റും എന്നാണ് മൈലി സൈറസ് തെളിയിച്ചിരിക്കുന്നത്. അമേരിക്കയിലെ തെരുവുകളിൽ ജീവിതം തള്ളി നീക്കുന്ന യുവാക്കൾക്കായി ഒരു ഫണ്ട് രൂപീകരിക്കാൻ പോകുകയാണെന്ന് ഫേസ്ബുക്കിലൂടെ മൈലി ആരാധകരെ അറിയിച്ചപ്പോൾ സംഗതി സീരിയസാണ് എന്ന് അധികം ആരും കരുതിയിരുന്നില്ല. എന്നാൽ കഴിഞ്ഞ എംടിവി വിഡിയോ മ്യൂസിക്ക് അവാർഡോടെ കാര്യം സീരിയസാണെന്ന് കാണികൾക്ക് മനസിലായി.

മികച്ച മ്യൂസിക്ക് വിഡിയോ പുരസ്‌കാരത്തിന് അർഹയായ മൈലി തന്റെ പുരസ്‌കാരം സമർപ്പിച്ചത് തെരുവിൽ അലയുന്ന യുവാക്കൾക്കാണ്. പുരസ്‌കാരം സ്വീകരിക്കാൻ മൈലി അയച്ചതും ജെസി എന്ന തെരുവ് യുവാവിനെയായിരുന്നു. പുരസ്‌കാരത്തിൽ ലഭിച്ച തുകയും മൈലി അമേരിക്കയിലെ തെരുവുകളിൽ അലയുന്ന യുവാക്കൾക്കായുള്ള ഫണ്ടിലേക്കാണ് സംഭാവന ചെയ്തത്.

തന്റെ മനുഷ്യത്വപരമായ പ്രവർത്തികൊണ്ട് മൈലി വീണ്ടും വാർത്തയാകുകയാണ്. ഇത്തവണ വീടില്ലാതെ തെരുവുകളിൽ അലയുന്ന യുവാക്കൾക്ക് ക്രിസ്തുമസ് പാർട്ടിയാണ് മൈലി ഒരുക്കുന്നത്. ഇതിനായി സ്വന്തമായി ഒരു ഷെഫിനെ ജോലിക്കുവെച്ച്, 6000 പൗണ്ട് (ഏകദേശം 5.7 ലക്ഷം രൂപ) നീക്കിവെക്കാൻ മൈലി തീരുമാനിച്ചു കഴിഞ്ഞു.

അശ്ലീലം നിറഞ്ഞ തലതിരിഞ്ഞ പ്രകടനങ്ങളുടെ പേരിൽ ഏറെ വിവാദങ്ങളും ആക്ഷേപങ്ങളും മൈലി കേട്ടിരുന്നെങ്കിൽ ഇപ്പോൾ തന്റെ മനുഷത്വപരമായ നീക്കങ്ങൾ മൈലിയെ ഏറെ വ്യത്യസ്തയാക്കുകയാണ്. ജെസി എന്ന തെരുവ് യുവാവിനെ കൊണ്ട് എംടിവി വിഎംഎ പുരസ്‌കാരം വാങ്ങിപ്പിച്ചതും, ജെസിയെ തന്റെ വീട്ടിൽ താമസിപ്പിച്ചതുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാനാണെന്ന് വിമർശിച്ചവർക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് മൈലി ക്രിസ്തുമസ് പാർട്ടിയിലൂടെ.