മലയാളം അക്കാപ്പെല്ലയുമായി നങ്ങേലി
അക്കാപ്പെല്ല സംഗീതം നാം മലയാളികൾക്ക് പുതിയതാണ്. ഗാസ്പൽ സംഗീതത്തിലൂടെ നിലവിൽ വന്ന അക്കാപ്പെല്ല ശൈലിക്ക് പാശ്ചാത്യ രാജ്യങ്ങളിലെല്ലാം മികച്ച പ്രചാരമാണുള്ളത്. വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ വ്യത്യസ്ത ശബ്ദത്തിൽ സഹഗായകർ നൽകുന്ന പിന്തുണയോടെ പാടുന്ന അക്കാപ്പെല്ലയുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപ് തന്റെ പുതിയ ആൽബമായ നങ്ങേലിയിലെ ഒരിടത്തൊരു അയൽവക്കത്തെ എന്നു തുടങ്ങുന്ന പാട്ടിലാണ് അക്കപ്പെല്ല ശൈലി ഉപയോഗിച്ചിരിക്കുന്നത്.
ഗാനം പാടിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും വിധു തന്നെയാണ്. ഒരു കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തിൽ നങ്ങേലിയായി എത്തുന്നത് വിധുവിന്റെ ഭാര്യയും നടിയുമായ ദീപ്തി വിധു പ്രതാപാണ്. എസ്.രമേശൻ നായരാണ് നങ്ങേലിയുടെ ഗാനരചന. മനു രമേശാണ് സംഗീതം. ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കുഞ്ഞുണ്ണി എസ്.കുമാറാണ്. മലയാളത്തിൽ അത്ര പ്രചാരമില്ലാത്ത അക്കപ്പെല്ലാ ശൈലിയുമായി എത്തിയ ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണ് നങ്ങേലി. നേരത്തെ സംഗീത സംവിധായകൻ ശരത്ത് പുറത്തിറക്കിയ ആൽബമായി സ്ട്രോബറി തെയ്യത്തിൽ അക്കപ്പെല്ല ശൈലി ഉപയോഗിച്ചിരുന്നു. അതിനു ശേഷം നങ്ങേലിയിലാണ് അക്കപ്പെല്ല ഉപയോഗിക്കുന്നത്.