അനിരുദ്ധിന്റെ പുതിയ ഗാനം പ്രണയദിനത്തിൽ
അനിരുദ്ധന്റെ 2015ലെ ആദ്യഗാനം പ്രണയദിനത്തിലെത്തും. സംഗീതസംവിധായകൻ അനിരുദ്ധ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണീകാര്യം. കത്തിക്കും, കാക്കി സട്ടൈയ്ക്കും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന ചിത്രം ആക്കോയിലെ ആദ്യയനക്കെന്ന യാരുംഇല്ലയേ എന്ന ഗാനമാണ് പുറത്തിറങ്ങുന്നതെന്നും താൻ ഏറെ ഇഷ്ടപ്പെടുന്ന ഗാനമാണത് എന്നുമാണ് അനിരുദ്ധ് തന്റെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്. അനിരുദ്ധ് അതിഥി വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ആക്കോ.
എം ശ്യാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗീതൻ ബ്രിട്ടോ, തുലിക ഗുപ്ത, അർജുനൻ, സ്വാമിനാഥൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എം ശ്യാം കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റിബൽ സ്റ്റുഡിയോയുടെ ബാനറിൽ ദീപൻ ഭൂപതി, രതീഷ് വേലു തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിലിൽ തീയേറ്ററിലെത്തും.
വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് അനിരുദ്ധ് സംഗീതം നൽകിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള സൗത്ത്് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും അനിരുദ്ധിനെ തേടി എത്തിയിട്ടുണ്ട്.