ഹാരി സ്റ്റൈലിന് അഭിനയിക്കണം
വൺ ഡയറക്ഷൻ ബാൻഡിലെ താരമായ ഹാരി സ്റ്റൈലിന് അഭിനയിക്കാൻ അതിയായ ആഗ്രഹം. തന്റെ അഭിനയ മോഹം സഫലീകരിക്കുന്നതിനായി ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റൈനെയാണ് ഹാരി സമീപിച്ചിരിക്കുന്നത്. പൾപ്പ്ഫിക്ഷൻ, ദ ലോർഡ് ഓഫ് ദ റിംഗ്സ്, ദ ഏവീയേറ്റർ, കിൽബിൽ, സിൻ സിറ്റി, ദ റീഡർ തുടങ്ങിയ ചിത്രങ്ങളുടെ എക്സീക്യൂട്ടീവ് പ്രൊഡ്യൂസറും. ഷേക്സ്പിയർ ഇൻ ലൗ, മെലീന, ഗ്യാങ്സ് ഓഫ് ന്യൂയോർക്ക് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമായ ഹാർവി താരത്തിന്റെ പ്രകടനത്തിൽ തൃപ്തനാണെന്നാണ് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹാരിയുടെ ഓഡിഷൻ പോലും നടത്തേണ്ടി വന്നില്ല. മികച്ച അഭിനേതാവാകാൻ ഹാരിക്ക് സാധിക്കും എന്നു തന്നെയാണ് കരുതുന്നത് എന്നും ഹാർവി പറഞ്ഞു. ഹാരിയെ ക്രേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രം ഉടൻ തുടങ്ങുമെന്നും യൂറോപ്പിലും അമേരിക്കയിലും വളരെ അധികം ആരാധകരുള്ള താരത്തിന്റെ പ്രശസ്തി ചിത്രത്തിന് ഗുണം ചെയ്യുമെന്നും ഹാർവി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്്സ് ഫാക്ടർ 7ലൂടെ രംഗത്ത് വന്ന വൺ ഡയറക്ഷനിലെ അംഗമാണ് ഹാരി. നാല് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ബോയ്സ് ബാൻഡ് എന്ന സ്ഥാനം കരസ്ഥമാക്കിയ ബാൻഡാണ് വൺ ഡി. 2 ബ്രിട്ട് അവാർഡുകളും 4 എംടിവി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു. നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ലൂയിസ് ടോംലിൻസൺ എന്നിവരാണ് വൺ ഡയറക്ഷൻ ബാൻഡിലെ മറ്റ് അംഗങ്ങൾ.