റിയാനയുടെ ഫോർ ഫൈവ് സെക്കന്റ്‌സ് പുറത്തിറങ്ങി

അമേരിക്കൻ പോപ്പ് താരം റിയാനയുടെ പുതിയ ഗാനം ഫോർ ഫൈവ് സെക്കന്റ്സ് പുറത്തിറങ്ങി. റിയാനയും പോൾ മെക്കാർട്ടിനിയും കാനിയെ വെസ്റ്റും ഒന്നിക്കുന്ന ഗാനത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
 | 

അമേരിക്കൻ പോപ്പ് താരം റിയാനയുടെ പുതിയ ഗാനം ഫോർ ഫൈവ് സെക്കന്റ്‌സ് പുറത്തിറങ്ങി. റിയാനയും പോൾ മെക്കാർട്ടിനിയും കാനിയെ വെസ്റ്റും ഒന്നിക്കുന്ന ഗാനത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. റിയാനയുടെ യൂട്യൂബ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ 22 ലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

അൺഅപ്പോളജറ്റിക്കിന് ശേഷം റിയാന പുറത്തിറക്കുന്ന ആൽബത്തിലെ ആദ്യഗാനമാണ് ഫോർ ഫൈവ് സെക്കന്റ്‌സ്. ആൽബത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും റിയാനയുടെ എട്ടാമത്തെ ആൽബമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. കാനിയെ വെസ്റ്റുമായി സഹകരിച്ച് റിയാന്ന നേരത്തെ ഗാനം പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ബീറ്റിൽസ് സ്റ്റാർ പോൾ മെക്കാർട്ടിനിയുമായി സഹകരിക്കുന്നത്്. ഇവരെ കൂടാതെ ഡാർക്ക്, ജെയ് സി, ബ്രിട്ട്‌നി സ്പിയേഴ്‌സ്, നിക്കി മിനാജ്, വിൽ ഐ ആം, എമിനം, മോറോൺ 5, ജസ്റ്റിൻ ടിംബർലേക്ക്, വിശ് ഖലീഫ, ഷക്കീറ തുടങ്ങിയവരുമായി സഹകരിച്ചും റിയാന്ന ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റ പാട്ടുകാരിൽ ഒരാളാണ് റിയാന. റിയാന്നയുടെ 15 കോടി ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. 2012ൽ ഫോബ്‌സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും റിയാന്നയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായി റിയാനയെ ടൈം മാസിക ഈയടുത്തിടെയാണ് തെരഞ്ഞെടുത്തത്.