സെലീനയുടെ പുതിയ ഗാനം നാല് ദിവസം കൊണ്ട് കണ്ടത് 14 കോടിയാളുകൾ
ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ് അമേരിക്കൻ പോപ്പ് താരം സെലീന ഗോമസിന്റെ പുതിയ ഗാനം ദ ഹാർട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്സ്. പുറത്തിറങ്ങി നാല് ദിവസംകൊണ്ട് 14 കോടിയിൽ അധികം ആളുകളാണ് ഗാനം യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. യുട്യൂബിലെ ട്രെൻഡിങ് വീഡിയോകളിൽ രണ്ടാം സ്ഥാനത്താണ് ദ ഹാർട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്സ് എന്ന ഗാനം.
ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രണയം തകർന്നതിനെക്കുറിച്ചുമാണ് ദ ഹാർട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്സ് പറയുന്നത്. ബീബറിന്റേയും സെലീനയുടെയും പ്രണയ തകർച്ചയെക്കുറിച്ചാണ് ഗാനത്തിന്റെ വരികൾ എന്നാണ് നിരൂപകർ പറയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള വീഡിയോയും ഗാനത്തിന്റെ വരികളും പ്രണയവും വിരഹവും നിറഞ്ഞവയാണ്. സെലീനയുടെ രണ്ടാമത്തെ ആൽബം ഫോർ യൂവിലെ ഗാനമാണ് ദ ഹാർട്ട് വാണ്ട് വാട്ട് ഇറ്റ് വാണ്ട്സ്. അന്റോണിയ ആർമറ്റോ, ടിം ജെയിംസ്, ഡേവിഡ് ജോസ്റ്റ്, സെലീന ഗോമസ് എന്നിവർ ചേർന്നാണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത റിക്കാഡ് പ്രൊഡക്ഷൻ ടീമായ റോക്ക് മാഫിയയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോയ്ക്ക മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് 50 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
അമേരിക്കൻ പാട്ടുകാരിയും, നടിയും, പാട്ടെഴുത്തുകാരിയുമായ സെലീന ഗോമസ് ടിവി സീരിയലുകളിൽ ബാലതാരമായാണ് കരിയർ ആരംഭിക്കുന്നത്. എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് സെലീന പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതി പ്രശസ്തയായി. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന സെലീന ബീബറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ.