ട്രെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ്
അമേരിക്കൻ കൺട്രി സംഗീതത്തിലൂടെ ലോകപ്രശസ്തയായ ഗായികയാണ് ടെയ്ലർ സ്വിഫ്റ്റ്. കൺട്രി സംഗീതത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സ്വിഫ്റ്റ്, താൽകാലികമായി കൺട്രി സംഗീതത്തിൽ നിന്ന് വിടപറയുകയാണ്. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്ക് ചേക്കേറുന്ന ട്രെയ്‌ലർ സ്വിഫ്റ്റിന്റെ ആദ്യ ആൽബമായ 1989-ലെ രണ്ടാമത്തെ വീഡിയോ ഗാനം ബ്ലാങ്ക് സ്‌പെയ്‌സാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ് ബ്ലാങ്ക് സ്‌പെയ്‌സ്. ഇരുപത്തിനാല് മണിക്കൂറുകൾ കൊണ്ട് 15 കോടി ആളുകളാണ് ബ്ലാങ്ക് സ്‌പെയ്‌സ് കണ്ടിരിക്കുന്നത്.
സ്വിഫ്റ്റും, മാക്‌സ് മാർട്ടിനും, ഷെൽബാക്കും ചേർന്നാണ് ബ്ലാങ്ക് സ്‌പെയ്‌സിന്റെ വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ 1989-ലെ ആദ്യ ഗാനം പുറത്തിറക്കിക്കൊണ്ട് ഇത് തന്റെ രണ്ട് വർഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും, തന്റെ പുനർജന്മമാണ് എന്നും സ്വിഫ്റ്റ് പറഞ്ഞിരുന്നു.
അമേരിക്കൻ സംഗീതറാണി ടെയ്‌ലർ തന്റെ നിലപാടുകൾകൊണ്ടും മനുഷത്വപരമായ പ്രവർത്തികൾ കൊണ്ടും ശ്രദ്ധ നേടിയ താരമാണ്. നഗ്‌നയാവാൻ തന്നെ കിട്ടില്ല എന്നുള്ള ഒറ്റ പ്രഖ്യാപനം കൊണ്ട് തന്നെ തന്റെ സമകാലീയരിൽ നിന്നെല്ലാം വ്യത്യസ്തയാണ് താൻ എന്ന് ടെയ്‌ലർ തെളിയിച്ചിരുന്നു.
കൂടാതെ തന്റെ ആരാധകയുടെ വിവാഹച്ചങ്ങിൽ പങ്കെടുത്തും, ലുക്കീമിയ പിടിപെട്ട് മരണത്തോട് മല്ലടിക്കുന്ന കുട്ടിക്കായി പാട്ടുപാടിയുമെല്ലാം സ്വിഫ്റ്റ് ആരാധകരുടെ ബഹുമാനം പിടിച്ചു പറ്റിയിരുന്നു. ഇരുപത്തിനാലുകാരിയായ സ്വിഫ്റ്റ് നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, പന്ത്രണ്ട് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലറെ തേടി എത്തിയിട്ടുണ്ട്.