ഇ.വി. കാർ വിൽപ്പന, ടെസ്‍ലയെ മറികടന്ന് ബി.വൈ.ഡി ഒന്നാമത്
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയെന്ന സ്ഥാനം സ്വന്തമാക്കി ചൈനയുടെ ബി.വൈ.ഡി. ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിന്റെ ടെസ്‍ലയെ മറികടന്നാണ് ബി.വൈ.ഡിയുടെ കുതിപ്പ്. കടുത്ത മത്സരത്തെ തുടർന്ന് വിൽപന തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞതോടെയാണ് ടെസ്‍ലയുടെ ആധിപത്യം നഷ്ടമായത്. യു.എസ് സർക്കാർ നൽകിയിരുന്ന നികുതി ഇളവ് അവസാനിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടിയതും ബ്രാൻഡിനെതിരെ ഉയർന്ന പ്രതിഷേധവും ടെസ്‍ലക്ക് തിരിച്ചടിയായി. 7500 ഡോളറിന്റെ നികുതി ഇളവ് കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചത്.
കഴിഞ്ഞ വർഷം ആഗോള വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ടെസ്‍ലയുടെ വാർഷിക വിൽപനയിൽ 8.6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1.64 ദശലക്ഷം വാഹനങ്ങളാണ് ടെസ്‍ല കഴിഞ്ഞ വർഷം വിൽപന നടത്തിയത്. ബി.വൈ.ഡിയുടെ വിൽപന 2.26 ദശലക്ഷം കവിഞ്ഞു. യൂറോപ്യൻ വിപണിയിൽ മികച്ച വിൽപന നടത്താൻ കഴിഞ്ഞതാണ് ടെസ്‍ലയെ മറികടക്കാൻ ബി.വൈ.ഡിക്ക് സഹായമായത്.
റോബോട്ടുകളുടെയും റോബോ ടാക്സികളുടെയും നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെസ്‍ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിൽനിൽക്കെയാണ് വിൽപന ഇടിഞ്ഞത്. ബി.വൈ.ഡി ഭീഷണിയല്ലെന്ന് പറഞ്ഞ മസ്കിന് കനത്ത തിരിച്ചടിയാണ് കണക്കുകൾ. പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് പുറമെ, കഴിഞ്ഞ ദിവസം യു.എസ് വിപണിയിൽ ടെസ്‍ലയുടെ ഓഹരി വില ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
ബി.വൈ.ഡിക്ക് പുറമെ, ബി.എം.ഡബ്ല്യു, ഫോക്സ്‍വാഗൻ തുടങ്ങിയ യൂറോപ്യൻ കമ്പനികളുടെയും വളർച്ച ടെസ്‍ലക്ക് ആഘാതമായി. കഴിഞ്ഞ വർഷം ചൈനയുടെ പുറത്ത് ബി.വൈ.ഡിയുടെ വാഹന വിൽപന 10 ലക്ഷത്തിന് മുകളിലെത്തി സർവകാല റെക്കോഡ് കൈവരിച്ചു. 2024നെ അപേക്ഷിച്ച് 150 ശതമാനത്തിന്റെ വളർച്ചയാണ് വിൽപനയിലുണ്ടായത്. ഈ വർഷം ചൈന ഒഴികെയുള്ള വിപണിയിൽ 16 ലക്ഷം വാഹനങ്ങൾ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി.

