ഉടലിലെ ഇന്റിമേറ്റ് രം​ഗങ്ങളിൽ ഞാൻ തന്നെയെന്ന് ദുർ​ഗ കൃഷ്ണ. കഥാപാത്രം ആവശ്യപ്പെടുന്ന രം​ഗങ്ങൾ ഒഴിവാക്കാനാവില്ല.

 | 
udal

ഉടൽ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അനുഭവങ്ങളുമായി നടി ദുർ​ഗ കൃഷ്ണ. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ലും ഇന്ദ്രൻസിനെ ചവിട്ടിയപ്പോൾ അദേഹം വേദന കൊണ്ട് ചുരുണ്ടുകൂടിയതുമെല്ലാം താരം ഫേസ്ബുക്ക്, ഇൻസ്റ്റാ പോസ്റ്റുകളിൽ പങ്കുവെക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണെന്നും ദുർ​ഗ പറയുന്നു. 

ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ തൊട്ട് ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് താൻ തന്നെയാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന രം​ഗങ്ങൾ ആണ് അത്. താൻ തന്നെയാണ് അതിൽ അഭിനയിച്ചതെന്നും ദുർ​ഗ കൃഷ്ണ കുറിക്കുന്നു. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഉടലിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ദുർഗ കൃഷ്ണക്ക് പുറമെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്.  ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ വിസി പ്രവീണും ബൈജു ഗോപാലനുമാണ്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും. 

ദുർ​ഗ കൃഷ്ണയുടെ പോസ്റ്റ് വായിക്കാം. 

ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു.  ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം  ചുരുണ്ടുകൂടി.  ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്. 

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ  തീവ്രമായ ഒരു അനുഭവമാക്കി  മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. 

ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

https://m.facebook.com/story.php?story_fbid=552456549573833&id=100044284783737