കാവ്യ മാധവനും ചിത്രത്തിലേക്ക്; ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം. ചോദ്യംചെയ്യല്‍ ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യയും ശ്രമിച്ചിരുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.
വീട്ടിലെത്തിയായിരിക്കും ചോദ്യം ചെയ്യല്‍. മാഡം കാവ്യയാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിഐപി എന്ന് ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ച ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെ കുറിച്ചായിരിക്കും ചോദിച്ചറിയുക. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്താണ് ദിലീപിന് എത്തിച്ചു നല്‍കിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലായിരുന്നുവെന്ന് സാക്ഷിയായ സാഗര്‍ മൊഴി നല്‍കിയിരുന്നു.
ശരത്ത് എത്തിച്ചു നല്‍കിയ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കായിരുന്നെന്ന് ബാലചന്ദ്രകുമാറും മൊഴി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരത്തേ കാവ്യയെ ചോദ്യം ചെയ്തിരുന്നു. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ നാലര മണിക്കൂറോളമായിരുന്നു അന്ന് ചോദ്യം ചെയ്തത്.