‘പുഷ്പ 2വിൽ ഒരു ഗാനം മലയാളത്തിലായിരിക്കും, ഇത് കേരളത്തോടുള്ള എന്റെ നന്ദി’; അല്ലു അർജുൻ

 | 
pushpa 2

പുഷ്പ 2വിന്റെ കേരളാ പ്രമോഷന്‍ മല്ലു അര്‍ജുന്‍ ആരാധകര്‍ ആഘോഷമാക്കിയ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ കേരളത്തിലെത്തിയ അല്ലു അര്‍ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. പരിപാടിയില്‍ വെച്ച് മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി. മലയാളികള്‍ക്കായി പുഷപയിൽ ഒരു സര്‍പ്രൈസിനെ ഒരുക്കിവെച്ചിരിക്കുന്നതിനെ കുറിച്ചും തുറന്നുപറഞ്ഞു.

വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിലുള്ള സിനിമാപ്രേമികളോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും.

ഇത് മലയാളികളോടും കേരളത്തിനോടുമുള്ള എന്റെ സ്‌നേഹവും നന്ദിയുമാണ്. നിങ്ങള്‍ എന്നെ നിങ്ങളുടെ സ്വന്തമെന്ന പോലെ സ്‌നേഹിക്കുന്നവരാണ്. നിങ്ങളെന്നെ ദത്തുപുത്രനായി ഏറ്റെടുത്തതിന് ഒരുപാട് സ്‌നേഹം, നന്ദിയെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് ഈ പാട്ടും പുഷ്പ ടീം അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലായിരിക്കും പാട്ട് ഔദ്യോഗികമായി പുറത്തുവിടുക.

കരിയറില്‍ ആദ്യമായി വലിയൊരു മലയാളിനടനൊപ്പം ഞാന്‍ അഭിനയിച്ചു, ഫഹദ് ഫാസില്‍. അദ്ദേഹത്തെ ഇന്ന് ഞാന്‍ ഈ സ്റ്റേജില്‍ മിസ് ചെയ്യുന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഐക്കോണിക്ക് ആകുമായിരുന്നു. എല്ലാ മലയാളികള്‍ക്കും ഒരു അഭിമാനമാകും ഫഹദ് ഫാസില്‍’, അല്ലു അര്‍ജുന്‍ പറഞ്ഞു.

അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ ‘പുഷ്പ ദ റൈസ്’ എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.