വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

ആരാധകരും സംഘാടകരും ചേര്‍ന്നാണ് പ്രഥമശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 
 | 
Visal

തമിഴ്നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുണ്ട്. വിഴുപുരത്ത് നടന്ന പരിപാടിക്കിടെയാണ് നടന്‍ കുഴഞ്ഞുവീണത്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി സംഘടിപ്പിച്ച മിസ് കൂവഗം പരിപാടിയില്‍ മുഖ്യാതിഥിയായാണ് വിശാല്‍ പങ്കെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. ആരാധകരും സംഘാടകരും ചേര്‍ന്നാണ് പ്രഥമശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ മന്ത്രി കെ. പൊന്‍മുടി അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് മുമ്പ് വിശാല്‍ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതിനിടെ, തന്റെ 'മദ ഗജ രാജ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ തീര്‍ത്തും അവശനായാണ് കാണപ്പെട്ടത്. നില്‍ക്കാന്‍തന്നെ അദ്ദേഹത്തിന് പരസഹായം വേണ്ടിവന്നിരുന്നു. മൈക്ക് പിടിക്കുമ്പോള്‍ കൈ വിറയ്ക്കുന്ന ഒരു വീഡിയോ ദൃശ്യം പുറത്തുവന്നത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. പിന്നീട്, വിശാല്‍ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം പ്രസ്താവനയില്‍ തള്ളിക്കളഞ്ഞിരുന്നു.