താരസംഘടനാ തെരഞ്ഞെടുപ്പിനിടെ നടി എതിര്‍ സ്ഥാനാര്‍ത്ഥിയായ നടനെ കടിച്ചു; വീഡിയോ വൈറല്‍

താരസംഘടനാ തെരഞ്ഞെടുപ്പിനിടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ നടനെ കടിച്ച് നടി. തെലുങ്ക് സിനിമാ താരങ്ങളുടെ സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (മാ) തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഇലക്ഷന്‍ നടക്കുന്നതിനിടെ ക്യൂ നില്‍ക്കുകയായിരുന്നു ശിവ ബാലാജിയെ തൊട്ടു പിന്നില്‍ നിന്ന നടി ഹേമയാണ് കടിച്ചത്. താരത്തിന്റെ ഇടതു കയ്യിലാണ് നടി കടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ചത് താന്‍ തടയാന്‍ ശ്രമിച്ചുവെന്നും തന്നെ തടയാന്‍ ബാലാജി ശ്രമിച്ചതിനെ തുടര്‍ന്നാണ് കടിക്കേണ്ടി വന്നതെന്നുമാണ് ഹേമയുടെ പ്രതികരണം. സംഘടനയില്‍ കടുത്ത മത്സരമാണ് നടന്നത്. പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള വിഭാഗവും മാഞ്ചു വിഷ്ണു നയിക്കുന്ന വിഭാഗവും തമ്മിലാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഹേമ മത്സരിച്ചത്. മാഞ്ചു വിഷ്ണുവിന്റെ പാനലില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ശിവ ബാലാജി.
തെരഞ്ഞെടുപ്പില്‍ മാഞ്ചു വിഷ്ണു സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ താരം മോഹന്‍ ബാബുവിന്റെ മകനായ മാഞ്ചു 106 വോട്ടുതകളുടെ ഭൂരിപക്ഷത്തിനാണ് പ്രകാശ് രാജിനെ പരാജയപ്പെടുത്തിയത്. വിഷ്ണുവിന് 380 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രകാശ് രാജിന് 274 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കും മാഞ്ചു വിഷ്ണുവിന്റെ പാനലിലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെയും മോഹന്‍ ബാബുവിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള മത്സരമാണ് സിനിമാ സംഘടനയുടെ തെരഞ്ഞെടുപ്പ്. പ്രകാശ് രാജ് പാനലിന് ചിരഞ്ജീവിയുടെ കുടുംബം പിന്തുണ നല്‍കിയപ്പോള്‍ മകനു വേണ്ടി മോഹന്‍ ബാബു നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.