നടി ലീന മരിയ പോളിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി, പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നടിയെ കസ്റ്റഡിയില്‍ വിട്ടത്. ലീന ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കാണ് 15 ദിവസത്തെ കസ്റ്റഡി. മറ്റു രണ്ടു പേര്‍ക്ക് 5 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.
28 ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും ദിവസം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയ സംഭവത്തിലാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) പ്രകാരം ലീനയെ അറസ്റ്റ് ചെയ്തത്.
ലീനയുടെ പങ്കാളി സുകേഷ് ചന്ദ്രശേഖറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ ലീനയ്ക്ക് ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടെന്നും ഇവിടെ തെളിവെടുപ്പിനായി കൊണ്ടുപോകണമെന്നുമാണ് പോലീസ് അറിയിച്ചത്. അതേസമയം ലീനയെ പത്തുദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യവിഭാഗവും ചോദ്യംചെയ്തതാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.