കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം നാദിർഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്നു
സൂപ്പർഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, നാദിർഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം മാജിക്ക് മഷ്‌റൂംസ് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ തകർത്തഭിനയിച്ച അമർ അക്ബർ അന്തോണിയിൽ സംവിധായകൻ – തിരക്കഥാകൃത്ത് ആയിട്ടായിരുന്നു ഇരുവരും ആദ്യമൊന്നിച്ചത്.
കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സംവിധായകനും നായകനുമായി ഒന്നിച്ച ആ കോംബോ വീണ്ടും സൂപ്പർഹിറ്റ് മലയാളം സിനിമയ്ക്ക് സമ്മാനിച്ചു. എങ്കിലും ഈ തവണ നാദിർഷ സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ഒരുക്കിയ തിരക്കഥയാണ് എന്നത് ശ്രദ്ധേയമാണ്. ആകാശ് ദേവ് ഒരുക്കിയ തിരക്കഥ കോമഡിയുടെ വിവിധ ഭാവങ്ങൾ പ്രതിഫലിപ്പിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
എമ്പുരാന് ശേഷം സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന മാജിക്ക് മഷ്‌റൂംസിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോൺകുട്ടിയാണ്. നാദിർഷ തന്നെയാണ് ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 16ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.

