മലയാള സിനിമയുടെ അനശ്വര സംവിധായകൻ; ഐ വി ശശി വിടപറഞ്ഞിട്ട് 6 വർഷം

 | 
i v shasi

മലയാള സിനിമയക്ക് പുതിയൊരു വഴിത്തിരിവ് നൽകിയ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് 6 വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്ത നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 150ഓളം സിനിമകളായിരുന്നു ഐവി ശശി തന്റെ കരിയറില്‍ സംവിധാനം ചെയ്തിരുന്നത്.

വേറിട്ട സംവിധാന ശൈലി ആയതുകൊണ്ട് തന്നെ ഐവി ശശിയുടെ സിനിമകള്‍ എന്നും മികച്ചതായിരുന്നു . 1975ല്‍ ഉത്സവം എന്ന സിനിമ സംവിധാനം ചെയ്ത് തുടങ്ങിയ അദ്ദേഹം തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. ഐവി ശശിയുടെ 'അവളുടെ രാവുകള്‍' എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ തരംഗം സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു.

കഥയുടെ വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയും ശരിയായ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തിയത്. അധികമാരും ധൈര്യപ്പെടാത്ത മൾട്ടി സ്റ്റാറർ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. 1982ൽ 'ആരൂഢ'ത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചു. 1989ൽ 'മൃഗയ'യിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർ‍ഡും നേടി.

1997ൽ പുറത്തിറങ്ങിയ 'വർണ്ണപകിട്ടി'ന് ശേഷം കാലത്തിന്റെ വിജയഫോർമുലകൾക്കൊപ്പം ഓടിയെത്താൻ ഐ വി ശശിക്കായില്ല. 2009ൽ ചെയ്ത ‘വെള്ളത്തൂവൽ’ആണ് അവസാനചിത്രം. കേരള സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. എഴുപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ തുടക്കം വരെ മലയാള സിനിമയ്ക്ക് നൂറില്പരം ഹിറ്റുകളാണ് ഐ വി ശശി സമ്മാനിച്ചത്.