ഏവരെയും അമ്പരപ്പിക്കാന്‍ തയ്യാറെടുത്ത് എആര്‍ റഹ്മാന്‍ സ്റ്റുഡിയോ; ചിത്രങ്ങള്‍ കാണാം

പ്രശസ്ത സംഗീത സംവിധായകന് എആര് റഹ്മാന്റെ ചെന്നൈയിലെ പുതിയ സ്റ്റുഡിയോ ചിത്രങ്ങള് പുറത്ത്. ലോകത്തിലെ തന്നെ മികച്ച ഷൂട്ടിങ് ഫ്ളോറും വിഷ്വല് എഫക്ട് സംവിധാനവും സ്റ്റുഡിയോയിലുണ്ട്. ഇതാദ്യമായാണ് സ്റ്റുഡിയോയുടെ ഫ്ലോര് ഉള്പ്പെടെയുള്ളവയുടെ ചിത്രങ്ങള് പുറത്തുവിടുന്നത്. ചെന്നൈയിലെ റെഡ് ഹില്സിലാണ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ തന്നെ മികച്ച സംഗീത സംവിധായകരുടെ പട്ടികയിലുള്ള എആറിന്റെ പുതിയ സംരഭം ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗിനായി ഉപയോഗിക്കപ്പെടുമെന്നാണ് കരുതുന്നത്. 50,000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന വമ്പന്‍ ചിത്രത്തിന്റെ ഒരു ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് ഈ സ്റ്റുഡിയോയിലാണ്.
തെന്നിന്ത്യന്‍ നടന്‍ വിവേകാണ് സ്റ്റുഡിയോയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റുഡിയോ കൂടുതല്‍ സൗകര്യപ്രദമാക്കുന്ന രീതിയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. ഇനിയും സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെങ്കില്‍ തെന്നിന്ത്യയിലെ തന്നെ മികച്ച സ്റ്റുഡിയോകളുടെ പട്ടികയില്‍ എആറിന്റെ സ്വന്തം സ്ഥാപനവും സ്ഥാനമുറപ്പിക്കും.


