സിനിമക്ക് വേണ്ടി ആമിർ ഖാൻ തൂക്കം കൂട്ടി. ഇപ്പോൾ ഭാരം 95 കിലോ; കുടുംബം ആശങ്കയിലെന്ന് താരം
മുംബൈ: കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ബോളിവുഡ് താരം ആമിർഖാൻ ഭാരം വർദ്ധിപ്പിക്കുന്നു. ദങ്കൽ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ആമിർ ഇപ്പോൾ തൂക്കം വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഗജനിയിൽ 8 പാക് ആബ്സിലൂടെ ആരാധകരെ ഞെട്ടിച്ച ആമിറിനിപ്പോൾ 95 കിലോ തൂക്കമാണുള്ളത്.
ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ദങ്കൽ. ആ കഥാപാത്രത്തിനായി തൂക്കം കൂട്ടിയതിന് ശേഷം തനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെന്ന് താരം പറയുന്നു. ഷൂ ലേസ് കെട്ടാൻ കുനിയാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്. തന്റെ ആരോഗ്യത്തെക്കുറിച്ച് അമ്മയ്ക്കും ഭാര്യയ്ക്കും ആശങ്കയുണ്ടെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും ആമിർ കൂട്ടിച്ചേർത്തു.
ഡിസംബറിൽ ഷൂട്ടിങ് തീർന്നാൽ അഞ്ച് മാസത്തിനകം തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചുവരുമെന്നും ആമിർ പറയുന്നു. 2015 ജൂണിലെ അടുത്ത ഷെഡ്യൂളിൽ പ്രായം കുറഞ്ഞ ലുക്കിന് വേണ്ടി വീണ്ടും തൂക്കം കുറയ്ക്കും. അപ്പോൾ താൻ പികെയിലെ രൂപമാകുമെന്നും താരം വ്യക്തമാക്കി.

