നിശാക്ലബിൽ അടിപിടി: നടൻ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു
മുംബൈ: ജുഹുവിലെ നിശാക്ലബിൽ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ ബോളിവുഡ് താരം ആദിത്യ പഞ്ചോളി (50) മൊബൈൽ ഫോൺ ഉപയോഗിച്ച് ജീവനക്കാരന്റെ തലയ്ക്കടിച്ചു. നിശാ ക്ലബിൽ നടന്ന അടിപിടിയ്ക്കിടെയാണ് താരത്തിന്റെ ഫോൺ പ്രയോഗം. പഞ്ചനക്ഷത്ര ഹോട്ടലിൽ ക്ലബിലെ പാർട്ടിക്കിടെ ഹിന്ദി ഗാനം വയ്ക്കാൻ താരം ഡി.ജെയോട് ആവശ്യപ്പെട്ടു. എന്നാൽ പഞ്ചോളിയുടെ ആവശ്യം ഡി.ജെ അംഗീകരിക്കാത്തതിനെ തുടർന്ന് അസഭ്യം പറയാൻ തുടങ്ങിയതോടെ നടത്തിപ്പുകാർ ഇടപെട്ടു.
രംഗം ശാന്തമാക്കാൻ ഇടപെട്ട ജീവനക്കാർക്ക് നേരെയുമുണ്ടായി കയ്യേറ്റം. പഞ്ചോളി മൊബൈൽ ഫോൺ ഉപയോഗിച്ച് തലയ്ക്കടിയേറ്റ ആൾക്ക് പരിക്കേറ്റതായി സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വിദ്യാസാഗർ കാൽകുന്ദ്രെ പറഞ്ഞു. പഞ്ചോളിക്കെതിരെ പോലീസ് കേസെടുത്തു. ആദ്യം മാർച്ച് 20 വരെ കസ്റ്റഡിയിൽ വക്കാൻ ഉത്തരവിട്ട പഞ്ചോളിക്ക് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
എൺപതുകളിൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച പഞ്ചോളി പിന്നീട് വില്ലൻ വേഷങ്ങളിലും ശ്രദ്ധേയമായി. യെസ് ബോസ്, ബോഡിഗാർഡ്, റേസ് 2 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

