അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ പേര് മാറ്റി; നടപടി കര്‍ണി സേനയുടെ മുന്നറിയിപ്പിന് പിന്നാലെ

മുംബൈ: രാഘവ് ലോറന്‍സ് സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് പേര് മാറ്റി. രജപുത് കര്‍ണി സേനയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് പേരുമാറ്റം. ലക്ഷ്മി എന്ന് മാത്രമായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് സൂചന. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവംബര്‍ 9ന് ഡിസ്നി ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.
ലക്ഷ്മി ദേവിയെ അപമാനിക്കുകയാണ് ചിത്രത്തിന്റെ പേര് എന്നാണ് കര്‍ണി സേന നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതിലൂടെ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നും ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് സമൂഹത്തിന് മോശം സന്ദേശം നല്‍കുകയാണ് ചിത്രം. അതിനാല്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്നും കര്‍ണി സേന ആവശ്യപ്പെട്ടിരുന്നു.
രാഘവ ലോറന്‍സിന്റെ മുനി 2-കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. അക്ഷയ് കുമാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. തന്റെ 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന ആഴവും തീവ്രതയുമുള്ള കഥാപാത്രമാണ് ഇതെന്ന് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.