സമ്മതമില്ലാതെ റീമേക്കെന്ന് നിര്‍മാതാവ്; അന്യന്‍ ഹിന്ദി പതിപ്പില്‍ തര്‍ക്കം

വിക്രം നായകനായെത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കില്‍ തര്‍ക്കം. തമിഴ് ചിത്രത്തിന്റെ നിര്‍മാതാവ് ആസ്‌കര്‍ ചന്ദ്രന്‍ ഹിന്ദി റീമേക്കിനെതിരെ രംഗത്തെത്തി. സിനിമയുടെ പകര്‍പ്പവകാശം തനിക്കാണെന്നും തന്റ സമ്മതമില്ലാതെ ചിത്രം റീമേക്ക് ചെയ്യാനാവില്ലെന്നും രവിചന്ദ്രന്‍ വ്യക്തമാക്കി. സംവിധായകന്‍ ശങ്കറിനും ഹിന്ദി പതിപ്പിന്റെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദയ്ക്കും എതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്നും രവിചന്ദ്രന്‍ പറഞ്ഞു.
ശങ്കറിനെതിരെ രവിചന്ദ്രന്‍ നേരത്തേ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ചേംബര്‍ രവിചന്ദ്രനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. രവിചന്ദ്രന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംംബറും മുംബൈ ഫിലിം അസോസിയേഷനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷമേ നിയമ നടപടികളിലേക്ക് കടക്കൂ. ശങ്കറും ജയനിതാള്‍ ഗദ്ദയുമായി രവിചന്ദ്രന്‍ ചര്‍ച്ച നടത്തും.
അതേസമയം അന്യന്റെ തിരക്കഥ രചിച്ചത് താനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നായിരുന്നു ശങ്കര്‍ പ്രതികരിച്ചത്. എന്നാല്‍ ശങ്കറിന് എന്തുവേണമെങ്കിലും അവകാശപ്പെടാം, ഞാനാണ് ശങ്കറിനെ സിനിമ സംവിധാനം ചെയ്യാന്‍ ഏല്‍പിച്ചത്, അന്യന്‍ എന്റെ സിനിമയാണെന്ന് എല്ലാവര്‍ക്കും അറിയാം എന്ന് രവിചന്ദ്രനും പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് അന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. റണ്‍വീര്‍ സിങ്ങാണ് നായകന്‍. അന്യന്‍ 2006ല്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയത് പ്രദര്‍ശിപ്പിച്ചിരുന്നു. അപരിചിത് എന്ന പേരിലായിരുന്നു ചിത്രം പുറത്തിറക്കിയത്.