ബീഫ് നിരോധിക്കരുതെന്ന് ബോളിവുഡ്
മുംബൈ: മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചതിൽ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങൾ രംഗത്ത്. ബോളിവുഡ് താരങ്ങളായ ഫർഹാൻ അക്തർ, ആയുഷ്മാൻ ഖുറാന, രവീണ ടണ്ഡൻ, ഉദയ് ചോപ്ര, നിമ്രത് കൗർ തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ പ്രതിഷേധം ട്വിറ്ററിലൂടെയാണ്രേഖപ്പെടുത്തിയത്.
‘കഴിക്കാനുള്ളത് തെരഞ്ഞെടുക്കുക എന്നത് തികച്ചും വ്യക്തി സ്വാതന്ത്ര്യമാണ്, പോത്തിനെ വളർത്താം എന്നാൽ കഴിക്കരുത്, പാർട്ടികളിൽ വിളമ്പുമ്പോൾ അറിയാതെ കഴിക്കേണ്ടി വന്നാലും കുറ്റകൃത്യത്തിന്റെ ഭാഗമാകുമോ..’ ഇങ്ങനെ പോകുന്നു പോസ്റ്റുകൾ.
1995ലെ ഗോവധ നിരോധന ഭേദഗതി ബില്ലിന് ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ബീഫ് നിരോധനം നിലവിൽ വന്നത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വിൽക്കുന്നതും ഇനി അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റം. പിഴ ആയിരത്തിൽനിന്ന് പതിനായിരമാക്കി ഉയർത്തി.

