സല്മാന് ഖാനെ കൊലപ്പടുത്താന്‍ പദ്ധതി; ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍

മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാള് പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് രാഹുല്‍ എന്ന് ഫരീദാബാദ് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 15നാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് മൂന്ന് പേരും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്.
ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ ഇയാള്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഹിസാറിലാണ് താമസിക്കുന്നത്. സല്മാന് ഖാനെ കൊലപ്പടുത്താന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഇയാളെ നിയോഗിക്കുകയായിരുന്നു. സല്മാന് ഖാന്റെ വസതി നിരീക്ഷിക്കുന്നതിനായി ഇയാള്‍ കഴിഞ്ഞ ജനുവരിയില്‍ മുംബൈയിലെ ബാന്ദ്രയില്‍ എത്തിയിരുന്നു. താരത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് മൂന്നു ദിവസം മുംബൈയില്‍ ഇയാള്‍ താമസിച്ചു. എന്നാല്‍ കോവിഡ് വ്യാപനം തുടങ്ങിയതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രാജസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഇപ്പോഴും അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സജീവമാണെന്നാണ് പോലീസ് നല്കുന്ന വിവരം. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയി ഗാംഗ് സല്‍മാനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും സമ്പത്ത് നെഹ്റ ഒരാളെ ഇതിനായി സംഘം നിയോഗിച്ചിരുന്നു. ഇയാള്‍ ഹരിയാന പോലീസിന്റെ പിടിയിലാവുകയായിരുന്നു.