ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലുള്ള വസതിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നു. 34 വയസായിരുന്നു. താരത്തിന്റെ മുന്‍ മാനേജരായിരുന്ന ദിശ സാലിയാനെ 5 ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് സുശാന്ത് ബാന്ദ്രയിലെ വസതിയില്‍ തനിച്ച് താമസിക്കുകയായിരുന്നു. മുന്‍ മാനേജരുടെ മരണത്തെ തുടര്‍ന്ന് താരം മാനസിക വിഷമത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിസ് ദേശ് മേം ഹേ മേരാ ദില്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തെത്തിയത്. പിന്നീട് പവിത്ര രിശ്ത എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ അദ്ദേഹം അരങ്ങേറ്റം നടത്തിയത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്സ് ഇന്‍ മൈ ലൈഫ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്.
പിന്നീട് ക്രിക്കറ്റ് താരം ധോണിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ബോളിവുഡില്‍ മുന്‍നിരയിലെത്തി.