സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ശ്വാസംമുട്ടലാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങിയപ്പോള്‍ ഉണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പോലീസും സ്ഥിരീകരിക്കുന്നത്. അതേസമയം സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
ആത്മഹത്യയാണെന്ന പോലീസ് വാദം ശരിവെക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മരണത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. താരത്തിന്റെ മുന്‍ മാനേജറായിരുന്ന ദിശ സാലിയന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിനെ വിഷാദരോഗത്തിന് ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴിയെടുത്തു. നടന് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് വിവരമെങ്കിലും സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.