ആക്ഷൻ ജാക്‌സണിലെ പ്രണയഗാനം

ആക്ഷൻ കോമഡി ചിത്രം ആക്ഷൻ ജാക്സണിലെ മൂന്നാം ഗാനം ദൂം ദാം പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരിൽ ഒരാളായ യാമി ഗൗതത്തിന്റേയും അജയ് ദേവ്ഗണിന്റേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം.
 | 

ആക്ഷൻ കോമഡി ചിത്രം ആക്ഷൻ ജാക്‌സണിലെ മൂന്നാം ഗാനം ദൂം ദാം പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരിൽ ഒരാളായ യാമി ഗൗതത്തിന്റേയും അജയ് ദേവ്ഗണിന്റേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. അങ്കിത് തിവാരിയും പലക് മുഞ്ചാലും ചേർന്നാണ് മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. സമീർ അൻജാന്റെ വരികൾക്ക് ഹിമേഷ് റേഷാമിയ സംഗീതം പകർന്നിരിക്കുന്നു.

എ. രാജ്കുമാറിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ് ആക്ഷൻ ജാക്‌സൺ. തമിഴ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ ആനന്ദ് രാജിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ആക്ഷൻ ജാക്‌സൺ. സംവിധായകൻ പ്രഭു ദേവയും നടൻ ഷാഹിദ് കപൂറൂം അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജയ് ദേവ്ഗണിനേയും ആനന്ദ് രാജിനേയും കൂടാതെ സോനാക്ഷി സിൻഹ, യാമി ഗൗതം, കുനാൽ റോയ് കപൂർ, മാനസ്വി മംഗായ്, സോനു സൂഡ് എന്നിവരും  അഭിനയിക്കുന്നുണ്ട്.

എ.സി മുകിലിന്റെ കഥയ്ക്ക് ഷിറാസ് അഹമ്മദും പ്രഭു ദേവയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷിറാസ് അഹമ്മദാണ് ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ബാബാ ഫിലിംസിന്റെ ബാനറിൽ ഗോർദൻ തൻവാനിയും സുനിൽ ലുല്ലയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തീയേറ്ററുകളിലെത്തും.