പ്രണയത്തിന്റെ ആയിരം ആഴ്ചകൾ കടന്ന് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ
പ്രണയത്തിന്റെ സുന്ദരമായ നിമഷങ്ങൾ സമ്മാനിച്ച ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ പ്രദർശനത്തിനെത്തിയിട്ട് ആയിരം ആഴ്ചകൾ പിന്നിട്ടു. വർഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പല തിയറ്ററുകളിലും ഇന്നും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കുറിക്കപ്പെട്ട മനോഹരമായ ഈ പ്രണയ ചിത്രം കാണാൻ മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ ഇന്നലെയും ബാൽക്കണി ഹൗസ്ഫുള്ളായിരുന്നു. അറുന്നൂറ്റമ്പത് പേരാണ് ചിത്രം കണ്ടത്. കൈയ്യടിച്ചും ആർപ്പു വിളിച്ചും വളരെ ആസ്വദിച്ച് സിനിമയിലേക്ക് പ്രേക്ഷകർ ഇറങ്ങിച്ചെന്നു.
യാഷ് ചോപ്ര ഫിലിംസിനായി സംവിധായകൻ ആദിത്യ ചൊപ്ര അണിയിച്ചൊരുക്കിയ ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ റിലീസ് ചെയ്തത് 1995 ഒക്ടോബർ അഞ്ചിനാണ്. അന്നു മുതൽ ഇന്നേ വരെ മറാത്താ മന്ദിർ തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കാതിരുന്നിട്ടില്ല. ട്രെന്റുകളും ഫാഷനുകളും മാറി വന്നുവെങ്കിലും ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയോടുള്ള ഇഷ്ടം പ്രേക്ഷകർ നഷ്ടപ്പെടുത്തിയില്ല.
ഷാരൂഖ് ഖാനും കാജോളും പ്രണയ ജോഡികളായ ചിത്രം നിരവധി ബഹുമതികളും നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന ബഹുമതിയാണ് അതിൽ പ്രധാനം. 2001 വരെ ഷോലെയ്ക്കായിരുന്നു ആ ബഹുമതിയെങ്കിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ വരവോടെ അത് മാറിമറിയുകയായിരുന്നു.


