പി.കെക്ക് പിന്തുണയുമായി നിതീഷ് കുമാർ

പാട്‌ന: പി.കെക്ക് പിന്തുണയുമായി ബീഹാർ മുൻ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. സമൂഹത്തിന് ഗുണപരമായ സന്ദേശമാണ് ചിത്രം കൈമാറുന്നത്. 10ൽ10 മാർക്കും ചിത്രത്തിന് താൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരെ രംഗത്തെത്തിയവർ ആത്മവഞ്ചകരാണെന്നും നിതീഷ് പറഞ്ഞു.
ഇന്നലെ പി.കെയ്ക്ക് പിന്തുണയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ചിത്രത്തിന് വിനോദ നികുതി ഇളവ് നൽകുമെന്ന് അഖിലേഷ് യാദവ് അറിയിച്ചിരുന്നു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ തീയേറ്ററുകൾക്ക് നേരെ ആക്രമം നടക്കുന്ന സാഹചര്യത്തിലാണ് പ്രമുഖരുടെ പ്രതികരണങ്ങൾ.
ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ ദൾ, ശിവസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് പി.കെ പ്രദർശിപ്പിക്കുന്ന ക്രൗൺ തീയേറ്ററിലേക്കും ഹനുമാൻ സേന പ്രകടനം നടത്തിയിരുന്നു.

