പതിനെട്ട് വർഷത്തിന് ശേഷം കമൽഹാസൻ ബോളിവുഡിലേക്ക് വീണ്ടുമെത്തുന്നു
ചെന്നൈ: 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക് വീണ്ടുമെത്തുന്നു. അമർ ഹൈ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കമലിന്റെ തിരിച്ചു വരവ്. സെയിഫ് അലിഖാനാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. സമകാലിക രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. അധോലോകത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടും സിനിമ അനാവരണം ചെയ്യുന്നുണ്ട്. വീരേന്ദ്ര കെ. അറോറയും അർജുൻ എൻ.കപൂറുമാണ് നിർമാതാക്കൾ. ചിത്രത്തിന്റെ കഥയും കമൽഹാസന്റേതു തന്നെയാണ്. ഒരു പ്രധാനവേഷവും കമൽ ചിത്രത്തിൻ ചെയ്യുന്നുണ്ട്. ചാച്ചി 420 എന്ന ചിത്രമാണ് കമൽ അവസാനമായി ഹിന്ദിയിൽ ചെയ്തത്.
ആറ് വർഷങ്ങൾക്ക് മുൻപ് കമലിന്റെ മനസിൽ തെളിഞ്ഞതാണ് ചിത്രത്തിന്റെ കഥ. സിനിമയിലെ നായകനായി സെയിഫ് അലി ഖാൻ തന്നെ വേണമെന്ന നിർബന്ധമാണ് ചിത്രം ഇത്രയും നീളാൻ കാരണം. മറ്റൊരു മെഗാ പ്രൊജക്ടുമായി ബന്ധപ്പെട്ട് സെയിഫ് തിരക്കിലായിരുന്നു. മുംബൈ, ഡൽഹി, ലണ്ടൻ, ദുബായ്, ജോർദാൻ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
ചിത്ത്രിൽ തന്റെ വേഷം സാധാരണ ചെയ്യുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാണെന്ന് കമൽ പറയുന്നു. തൂങ്കാവനം എന്ന തമിഴ്സിനിമയുടെ തിരക്കിലാണ് കമലിപ്പോൾ. പാപനാശം എന്ന മറ്റൊരു ചിത്രവും പുറത്തിറങ്ങാനുണ്ട്.


