മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് കങ്കണയുടെ പഴയ വീഡിയോ; കേസെടുക്കാനൊരുങ്ങി പോലീസ്

മുംബൈ: മയക്കുമരുന്നിന് അടിമയായിരുന്നു താന്‍ എന്ന നടി കങ്കണ റണാവത്തിന്റെ മുന്‍ തുറന്നുപറച്ചില്‍ കുരുക്കിലേക്ക്. കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറെടുക്കുന്നു. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് മുംബൈ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ക്രൈബ്രാഞ്ച് ആയിരിക്കും അന്വേഷണം നടത്തുക.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണയുടെ തുറന്നു പറച്ചില്. തന്റെ കൗമാര കാലത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്നും താന്‍ തെറ്റായ ആളുകളുടെ കയ്യില്‍ അകപ്പെട്ടുവെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ബോളിവുഡിലെ മറ്റു താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കങ്കണ ഉന്നയിച്ചത്.