മയക്കുമരുന്ന് കടത്ത്: മുൻ ബോളിവുഡ് താരം മമ്ത കുൽക്കർണി പിടിയിൽ

മുൻ ബോളിവുഡ് ഗ്ലാമർ താരം മമ്ത കുൽക്കർണി മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ പിടിയിലായതായി റിപ്പോർട്ട്. കെനിയയിലെ മൊംബാസയിൽ വച്ച് ഭർത്താവ് വിജയ് ഗോസ്വാമി (വിക്കി)ക്കൊപ്പമാണ് മമ്തയെ കെനിയൻ പോലീസ് പിടികൂടിയത്.
 | 

മയക്കുമരുന്ന് കടത്ത്: മുൻ ബോളിവുഡ് താരം മമ്ത കുൽക്കർണി പിടിയിൽ
നെയ്‌റോബി: മുൻ ബോളിവുഡ് ഗ്ലാമർ താരം മമ്ത കുൽക്കർണി മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ പിടിയിലായതായി റിപ്പോർട്ട്. കെനിയയിലെ മൊംബാസയിൽ വച്ച് ഭർത്താവ് വിജയ് ഗോസ്വാമി (വിക്കി)ക്കൊപ്പമാണ് മമ്തയെ കെനിയൻ പോലീസ് പിടികൂടിയത്. ലഹരിവിരുദ്ധ ഏജൻസിയുടെയും പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇരുവരും പോലീസ് കസ്റ്റഡിയിലായതെന്നാണ വിവരം. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

മുൻപും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് മമ്തയുടെ ഭർത്താവ് വിക്കി. 1997-ൽ ദുബൈയിൽ മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ വിക്കിയെ ദുബായ് പോലീസ് 25 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ നല്ല നടപ്പിനെത്തുടർന്ന് വിക്കിയുടെ ജയിൽശിക്ഷ ദുബായ് പോലീസ് 15 വർഷമായി കുറയ്ക്കുകയും 2012 ൽ ശിക്ഷ കഴിഞ്ഞ് വിക്കി പുറത്തിറങ്ങുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം വിക്കിയും മമ്തയും നെയ്‌റോബിയിലാണ് താമസിച്ചിരുന്നത്. അമ്പത്തിരണ്ടുകാരനായ വിക്കി പണം പലിശയ്ക്ക് നൽകിയും മയക്കുമരുന്നു കടത്ത് നടത്തിയുമാണ് സമ്പാദിച്ചതെന്ന് നേരത്തെ ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു.

തൊണ്ണൂറുകളിൽ ബോളിവുഡിലെ താരമായിരുന്ന മമ്ത ചൈനഗേറ്റ്, വഖ്ത് ഹമാരാ ഹേ, കരൺ അർജുൻ, ആന്തോളൻ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ചന്ദാമാമ എന്ന ചിത്രത്തിലെ ഗാനരംഗത്തിലും മമ്ത അഭിനയിച്ചിരുന്നു. 2001-ൽ ദേവ് ആനന്ദിന്റെ സെൻസർ എന്ന ചിത്രത്തിലാണ് മമ്ത അവസാനമായി അഭിനയിച്ചത്. സിനിമയിൽ നിന്നും വിട്ടുനിന്ന മമ്ത പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ദുബായിൽ സ്ഥിര താമസമാക്കുകയുമായിരുന്നു. ദുബായിൽ ഇവർക്ക് ഹോട്ടലും റിയൽ എസ്‌റ്റേറ്റ് ബിസിനസുമുണ്ട്.