രാജ്യദ്രോഹക്കേസില്‍ ഹാജരാകണമെന്ന് കങ്കണയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്; ഹാജരാവില്ലെന്ന് താരം

മുംബൈ: രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ബോളിവുഡ് താരം കങ്കണ റണാവതിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പോലീസിന്റെ സമന്‍സ്. ഒക്ടോബര്‍ 26, 27 തിയതികളില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. എന്നാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കങ്കണയും സഹോദരിയും അറിയിച്ചു. സഹോദരിമാര്‍ ഹിമാചല്‍ പ്രദേശില്‍ തങ്ങളുടെ ഇളയ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് കങ്കണയുടെ അഭിഭാഷകന് പോലീസിന് മറുപടി നല്കി.
നവംബര്‍ 15ന് ഹാജരാകാമെന്നാണ് അഭിഭാഷകന് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20നാണ് പോലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിയ പരാമര്‍ശങ്ങളിലൂടെ ഇരു വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പര്ദ്ദയുണ്ടാക്കിയെന്നാണ് ഇവര്‍ക്ക് എതിരായ കേസ്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ മുനവ്വര്‍ അലി സയ്യിദ് നല്കിയ ഹര്‍ജിയില്‍ ബാന്ദ്ര മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.