ദൃശ്യം ഹിന്ദി സംവിധായകന് നിഷികാന്ത് കാമത്ത് ഗുരുതര നിലയില്‍; മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആശുപത്രി

ഹൈദരാബാദ്: ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആശുപത്രി. നടനും സംവിധായകനുമായിരുന്ന നിഷികാന്ത് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹൈദരാബാദ് ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. നിഷികാന്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹം വെന്റിലേറ്ററിലാണെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
രാവിലെ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളില്‍ നിഷികാന്ത് മരിച്ചതായി വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ വിശദീകരണം. മരണ വാര്‍ത്ത നിഷേധിച്ച് സംവിധായകരായ മിലാപ് സവേരിയും റിതേഷ് ദേശ്മുഖും ട്വീറ്റ് ചെയ്തിരുന്നു. 2005ല്‍ ഡോംബിവലി ഫാസ്റ്റ് എന്ന മറാത്തി സിനിമ സംവിധാനം ചെയ്തു കൊണ്ടായിരുന്നു നിഷികാന്ത് കാമത്തിന്റെ അരങ്ങേറ്റം. ചിത്രത്തിന് മികച്ച മറാത്തി സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
2004ല്‍ ഹവാ ആനേ ദേ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തും എത്തിയിരുന്നു. 2008ല്‍ മുംബൈ മേരി ജാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് ബോളിവുഡില്‍ എത്തി. ഫോഴ്സ്, ദൃശ്യം, റോക്കി ഹാന്‍സം, മദാരി, എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി. ഡാഡി, റോക്കി ഹാന്‍സം, ജൂലി 2, ഭവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. ദി ഫൈനല്‍ കോള്‍, രംഗ്ബാസ് ഫിര്‍സേ തുടങ്ങിയ വെബ്സീരീസുകളുടെ ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ കൂടിയാണ് കാമത്ത്.