പി.കെയ്‌ക്കെതിരെ അന്വേഷണമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: ആമിർ ഖാൻ ചിത്രം പികെ യ്ക്കെതിരെ അന്വേഷണമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. പികെയിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ചിത്രത്തിൽ ഉണ്ടോ എന്നന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടു എന്നതരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഫട്‌നാവിസ് വ്യക്തമാക്കിയത്.
ചിത്രത്തിന് സെൻസർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. പിന്നെ ചിത്രത്തിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ടതില്ല. പികെയുടെ പ്രദർശനം തടസ്സം കൂടാതെ മുന്നോട്ട് പോകണം. ഇക്കാര്യത്തിൽ ക്രമസമാധാനം പ്രശ്‌നങ്ങളില്ലൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഫട്‌നാവിസ് അറിയിച്ചു.
രാജ്യമൊന്നടങ്കം റിലീസ് ചെയ്ത ശേഷം പികെ 250 കോടി കളക്ഷൻ നേടിയതായി ചിത്രത്തിന്റെ ഡയറക്ടർ രാജ്കുമാർ ഹിരാനി അറിയിച്ചു. വി.എച്ച്.പി അടക്കമുള്ള ചില ഹിന്ദുമതസംഘടനകൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇവർ ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകൾ തകർക്കുന്നതുൾപ്പെടെയുള്ള അക്രമങ്ങളാണ് അഴിച്ച് വിട്ടത്. അക്രമത്തെ തുടർന്ന് പലയിടത്തും പ്രദർശനം നിർത്തിവെച്ചിരുന്നു. ആൾദൈവങ്ങളെ ആക്ഷേപിക്കുന്ന ചിത്രമാണിതെന്നാണ് പ്രധാന ആരോപണം. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും ഇവർ ആരോപിക്കുന്നു.

