പികെ ആമിറിന്റെ മികച്ച ചിത്രമെന്ന് സച്ചിൻ
മുംബൈ: പികെ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ആമിർഖാന്റെ അഭിനയം തന്നെ കീഴ്പ്പെടുത്തിയെന്നും സച്ചിൻ പറഞ്ഞു. സച്ചിന് വേണ്ടി പ്രത്യേകമൊരുക്കിയ പ്രദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം വളരെ മികച്ചതാണ്. കഥയെക്കുറിച്ച് അധികം താൻ വെളിപ്പെടുത്തുന്നില്ല. ആമിറിന് കൊടുത്ത ഉറപ്പാണത്. ഇത് ആമിറിന്റെ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ്. ഇതിന് മുൻപ് ആമിറിന്റെ ഇത്തരത്തിൽ ഒരു സിനിമ താൻ കണ്ടിട്ടില്ലെന്നും സച്ചിൻ പറഞ്ഞു.
ചിത്രം നൽകുന്നത് ശക്തമായ ഒരു സന്ദേശമാണ്. ആമിർ-അനുഷ്‌ക കൂട്ടുകെട്ട് തനിക്ക് സമ്മാനിച്ചത് ഒരു വിസ്മയക്കാഴ്ചയാണ്. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് പികെയെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ത്രീ ഇഡിയറ്റ്‌സിന് ശേഷം ആമിറും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. ചിത്രത്തിൽ ആമിർ ഭോജ്പുരി ഭാഷയാണ് സംസാരിക്കുന്നത്. ആമിറിനും അനുഷ്‌കയ്ക്കും പുറമെ സഞ്ജയ് ദത്ത്, ഡോളി ബിൻദ്ര, സുശാന്ത് സിങ് രാജ്പുത്ര്, ബോമൻ ഇറാനി, സൗരഭ് ശുക്ല തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം 19ന് പ്രദർശനത്തിനെത്തും.


