ദിൽ ദഡക്‌നേ ദോയിൽ പ്രിയങ്ക ചോപ്രയുടെ പാട്ട്

മേരി കോമിലെ താരാട്ട് പാട്ടിന് ശേഷം പ്രിയങ്ക ചോപ്ര വീണ്ടും പാട്ട് പാടുകയാണ്. പ്രിയങ്ക നായികയായി എത്തുന്ന പുതിയ ചിത്രം ദിൽ ദഡക്നേദോയിലാണ് താരം പാടുന്നത്. പ്രിയങ്കയുടെ പാട്ടിന്റെ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്.
 | 
ദിൽ ദഡക്‌നേ ദോയിൽ പ്രിയങ്ക ചോപ്രയുടെ പാട്ട്

 

മേരി കോമിലെ താരാട്ട് പാട്ടിന് ശേഷം പ്രിയങ്ക ചോപ്ര വീണ്ടും പാട്ട് പാടുകയാണ്. പ്രിയങ്ക നായികയായി എത്തുന്ന പുതിയ ചിത്രം ദിൽ ദഡക്‌നേദോയിലാണ് താരം പാടുന്നത്. പ്രിയങ്കയുടെ പാട്ടിന്റെ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്.

ലക്ക് ബൈ ചാൻസ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് ദിൽ ദഡക്‌നേദോ. രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, അനുഷ്‌ക ശർമ്മ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശങ്കർ എഹ്‌സാൻ ലോയ് ചിത്രത്തിന് സംഗീതം പകരുന്നു. എക്‌സെൽ എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് സുദ്‌വാനിയും ഫർഹാൻ അക്തറും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

ഇളയദളപതി വിജയ്‌യുടെ സിനിമയായ തമിഴനിലെ ഉള്ളത്തെ കിള്ളാതെ എന്ന ഗാനം പാടിക്കൊണ്ടായിരുന്ന പ്രിയങ്ക സിനിമാ പിന്നണിഗാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിന്നണി ഗാനരംഗത്ത് അധികം ഭാഗ്യം പ്രിയങ്ക പരീക്ഷിച്ചിട്ടില്ലെങ്കിലും മൂന്ന് ഇംഗ്ലീഷ് പോപ്പ് ഗാനങ്ങൾ പ്രിയങ്ക പുറത്തിറക്കിയിട്ടുണ്ട്. 2012-ൽ അമേരിക്കൻ ഗായകൻ വിൽ ഐ ആമിന്റെ സഹകരണത്തോടെ പ്രിയങ്ക പുറത്തിറക്കിയ ഇൻ മൈ സിറ്റി എന്ന ആദ്യ ഇംഗ്ലീഷ്  സിംഗിൾ ഇന്റർനാഷണൽ ഹിറ്റായി മാറിയതോടെ പ്രിയങ്ക പോപ്പ് ലോകത്തെ മിന്നുന്ന താരമായി മാറി. 2013-ലാണ് അമേരിക്കൻ റാപ്പർ പിറ്റുബുള്ളുമായി സഹകരിച്ച് രണ്ടാമത്തെ സിംഗിളായ എക്‌സോട്ടിക്ക് പുറത്തിറക്കുന്നത് അതും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.

പ്രിയങ്ക ബിക്കിനി ധരിച്ചതിന്റെ പേരിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാട്ടായിരുന്നു എക്‌സോട്ടിക്ക്. മൂന്നാമത്തെ സിംഗിളായ ഐ കാന്റ് മെയ്ക് യു ലവ് മി എന്ന ഗാനം പുറത്തിറക്കിയത് 2014-ലാണ്. മൂന്ന് ഹിറ്റ് ഗാനങ്ങളിലൂടെ പോപ്പ് ലോകത്ത് ഏറെ പ്രശസ്തയായ ബോളിവുഡ് നായികയാണ് പ്രിയങ്ക ചോപ്ര.